തലശേരി: തലശേരിയിൽ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി വീടിന്റെ ചുമരിലും വീട്ടമ്മയുടെ ദേഹത്തും ചുവന്ന പെയിന്റൊഴിച്ചെന്നു പരാതി. ശനിയാഴ്ച രാത്രിയിലാണ് ബിജെപി പ്രവർത്തകനായ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസിൽ രജിതയുടെ(43) ദേഹത്തും വീട്ടുചുമരിലും ഒരു സംഘം ബലമായി ചുവന്ന ചായം തേച്ചത്.
കണ്ണിലും ദേഹത്തും പെയിന്റ് വീണ രജിതയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് വീട്ടമ്മയ്ക്കുനേരേ അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
അടുത്ത ദിവസങ്ങളിൽ പ്രദേശത്ത് കൊടികൾ പോയതുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. പ്രദേശത്ത് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.