കർണാടകയിലെ രാമനഗര ജില്ലയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചിത്രകാരനും മയക്കുമരുന്നിന് അടിമയുമായ ദർശൻ (22) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്ന് ഉപയോഗത്തിനുള്ള പണം കണ്ടെത്താനായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നു പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി എട്ടോടെ ഇജൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ സിമന്റ് ഗോഡൗണിൽ പാർപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാരിൽനിന്നു വിവരം ലഭിച്ചതിനെത്തുടർന്നു പെൺകുട്ടിയെ അപകടം കൂടാതെ രക്ഷപ്പെടുത്താനായെന്നും പോലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി പറഞ്ഞു.
പെൺകുട്ടിയുടെ വായും കൈകളും ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ശ്വാസംമുട്ടിയ നിലയിലാണു പെൺകുട്ടിയെ കണ്ടത്. പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്.