ബിജു ഇത്തിത്തറ
കടുത്തുരുത്തി: ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്ന പെയിന്റിംഗ് ജോലിയില്‍ മികവ് തെളിയിച്ചു പെരുവ സ്വദേശികളായ രണ്ട് വീട്ടമ്മമാര്‍. പെരുവ കുന്നപ്പിള്ളി കുഴിപ്പറമ്പില്‍ സന്തോഷിന്റെ ഭാര്യ രാധുവും മരങ്ങോലി ഓലിയ്ക്കാകുഴിയില് സിജുവിന്റെ ഭാര്യ സിനിമോളുമാണ് ഇവര്‍.
പെയിന്റിംഗ് പണികളുമായി ബന്ധപെട്ട് വീടിന്റെ മുകളില്‍ കയറണം, ഗോവണിയില്‍ നില്‍ക്കണം എന്നിങ്ങനെ അപകട സാധ്യതയുള്ള മേഖലയായതിനാല്‍ ആ മേഖലയില്‍ പുരുഷ മേധാവിത്വമായിരുന്നു. വീടുകള്‍ മുഷിഞ്ഞു, പായല്‍ പിടിച്ചു അവസ്ഥയിലാണ് പലരും പെയിന്റിംഗ് നടത്തുക.
മഴക്കാലത്ത് ഈ പണികള്‍ ചെയ്യുമ്പോള്‍ തെന്നിവീണും മറ്റും അപകട സാധ്യതകളഉം ഏറേയാണ്. എന്നാല്‍ ഇതെല്ലാം മറികടന്ന് പുരുഷ തൊഴിലാളികളെ പോലും വെല്ലുന്ന രീതിയില്‍ പെയിന്റിംഗ് ജോലിയില്‍ മികവ് തെളിയിച്ചിരിക്കുകയാണ് ഇരുവരും.
പെയിന്റിംഗിനോടൊപ്പം പോളിഷ് വര്‍ക്ക്, ഡിസൈന്‍ വര്‍ക്ക്, ഗാര്ഡന് വര്‍ക്ക്, മിഷ്യന് ഉപയോഗിച്ചുള്ള വീട് ക്ലീനിംഗ് തുടങ്ങിയ ഏല്ലാ വര്‍ക്കുകളും ഇവര്‍ അനായാസമായി ചെയ്യും. രാധു-സന്തോഷ് ദമ്പതികളുടെ മക്കളാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഐശ്വര്യയും അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ ആദിത്യനും.
സിജു-സിനിമോള്‍ ദമ്പതികളുടെ മക്കളായ ഷാര്‍ലറ്റ് ഏഴിലും ഷാനറ്റ് റോസ് അഞ്ചിലും പഠിക്കുന്നു.അപകട സാധ്യതയുള്ള മേഖലയാണെങ്കിലും ഈ രംഗത്ത് തങ്ങളുടെ കുടുംബം പുലര്‍ത്താനായി ഇവര്‍ നടത്തുന്ന പോരാട്ടം ഏല്ലാവര്‍ക്കും പ്രചോദനമാണ്.