ചിത്രരചനകളുടെ പ്രദർശനം പലപ്പോഴും നമ്മുടെ നാട്ടിൽ നടത്താറുണ്ട്. പെയിന്റിംഗിൽ താൽപര്യമുളള ആളുകൾ എത്ര തിരക്കുണ്ടെങ്കിലും ആ തിരക്കെല്ലാം മാറ്റി വച്ച് അത് കാണാനായി പോകാറുണ്ട്. വളരെ മനോഹരമായി വരച്ച് വച്ചിട്ടുള്ള ആ ചിത്രങ്ങളെല്ലാം കണ്ടിറങ്ങുന്നവരുടെ മനസിൽ ചൂടത്ത് ഒരു മഴ നനഞ്ഞിറങ്ങിയ അനുഭൂതി ആയിരിക്കും.
ജർമ്മനിയിലെ മ്യൂണിക്കിലെ പിനാകോതെക് ഡെർ മോഡേൺ മ്യൂസിയത്തിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. മാക്സ് ബെക്ക്മാൻ, പാബ്ലോ പിക്കാസോ, സാൽവഡോർ ഡാലി, ഹെൻറി മാറ്റിസ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ജർമ്മനിയിലെ ഏറ്റവും വലിയ കലാ ശേഖരങ്ങളിലൊന്നാണ് പിനാകോതെക് ഡെർ മോഡേൺ.
പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം മ്യൂസിയത്തിലെ ഒരു ജീവനക്കാരൻ താൻ വരച്ച പെയിന്റിംഗ് അവിടെ തൂക്കിയിട്ടു. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് 51 -കാരനായ ജീവനക്കാരൻ തന്റെ പെയിന്റിംഗ് മ്യൂസിയത്തിനുള്ളിലേക്ക് കയറ്റിയത്. ഇത് മനസിലാക്കിയ അതികൃധർ ഉടൻ തന്നെ അയാളുടെ ചിത്രങ്ങൾ എടുത്ത് മാറ്റുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. കൂടാതെ ഇയാൾക്ക് ആർട്ട് ഗാലറിയിൽ പ്രവേശിക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
അതിനു പുറമേ ഇയാൾക്കെതിരേ അനധികൃതമായി കലാസൃഷ്ടി പ്രദർശനത്തിന് വച്ചതിനും നാശനഷ്ടത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വന്തം ചിത്രങ്ങൾ തൂക്കി ഇടുന്നതിനായി ചുമരിൽ ഇയാൾ രണ്ട് ദ്വാരങ്ങൾ തുരന്നതിനാണ് നാശനഷ്ടത്തിന് കേസ് എടുത്തിരിക്കുന്നത്.