യൂറോപ്യന് പെയിന്റിംഗുകൾ സ്വന്തമാക്കാൻ കോടികൾ ചെലവഴിക്കാൻ ആളുകളുണ്ട്. പഴക്കം കൂടുന്തോറും പെയിന്റിംഗിന് വിലയും കൂടും. വഴിയോരകടയില്നിന്ന് ആയിരം രൂപയ്ക്കു വാങ്ങിയ ചിത്രത്തിലൂടെ പെന്സില്വാനിയ സ്വദേശിനി കോടിപതിയായ സംഭവമാണ് ഈ മേഖലയിൽനിന്നുള്ള പുതിയ വാർത്ത.
ഹെയ്ദി മാര്കോവ് എന്ന സ്ത്രീ ഈ വർഷം ആദ്യമാണ് ചിത്രവില്പനശാലയിൽനിന്ന് ഒരു ചിത്രം വാങ്ങിയത്. അവർ കടയിൽ ചെല്ലുന്പോൾ അവിടെ ലേലം നടക്കുകയായിരുന്നു. 1,000, 2,000, 3,000 ഡോളറുകൾക്ക് ചില പെയിന്റിംഗുകൾ വിറ്റ് പോയി. പക്ഷേ, ചെറിയൊരു പെയിന്റിംഗ് മാത്രം ആരും വാങ്ങിയില്ല. ഒടുവില് വെറും 12 ഡോളറിന് (1,000 രൂപ) ഹെയ്ദി ആ പെയിന്റിംഗ് സ്വന്തമാക്കി.
വീട്ടിലെത്തിയശേഷം നടത്തിയ വിശദമായ പരിശോധനയില് പെയിന്റിംഗിന്റെ പുറകിലായി ഒരു ഒപ്പ് കണ്ടെത്തി. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവാറിന്റേതാണ് ആ ഒപ്പ് എന്നും ചിത്രകാരന്റെ ഭാര്യ അലിയന് ചാരിഗോട്ടിന്റെ പോർട്രേറ്റ് ആണ് അതെന്നും പിന്നീട് തിരിച്ചറിഞ്ഞു.
ഒരു ആര്ട്ട് അപ്രൈസറെ ചിത്രം കാണിച്ചപ്പോളാണ് ചിത്രത്തിന്റെ യഥാര്ഥ മൂല്യം ഹെയ്ദി മനസിലാക്കുന്നത്. ലേലത്തില് വയ്ക്കുകയാണെങ്കില് ഏറ്റവും കുറഞ്ഞത് 8.5 കോടി രൂപയെങ്കിലും ചിത്രത്തിന് ലഭിക്കുമെന്നാണു വിദഗ്ധരുടെ അനുമാനം.