ജർമൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസെയുടെ സിദ്ധാർഥ എന്ന നോവലിനെ ആസ്പദമാക്കി ചിത്രകാരൻ എബി എൻ. ജോസഫ് വരച്ച 26 ചിത്രങ്ങൾ ഇനി ജർമനിയിലെ കാൾവിലേക്ക്. പരമ്പരാഗതമായി ഹെസെമാരുടെ കുടുംബ വീടുകളുള്ള കാൾവ് നഗരത്തിലാണ് ഹെർമൻ ഹെസെ മ്യുസിയമെന്ന് ജർമൻകാരനായ ബേൺഡ് ഫോഗെല്ലും എബി എൻ. ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു.
പോപ്പ് പെയിന്റിംഗ് സമ്പ്രദായം തുടങ്ങിവച്ച ആൻഡി വാരോൾ, റോയ് ലിചെൻസ്റ്റീയിൻ എന്നീ വിഖ്യാത ചിത്രകാരന്മാർക്കൊപ്പമാണ് എബിയുടെ ചിത്രങ്ങളും ഇടം പിടിക്കുന്നത്. നവീകരിക്കപ്പെട്ട ഹെസെ മ്യുസിയത്തിന്റെ ഒരു ഫ്ലോർ പൂർണമായും എബിയുടെ ചിത്രങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നതും വലിയ അംഗീകരമാണ്.
ഗാലറികളിലും ഓക്ഷൻ ഹൗസുകളിലും ഇന്ത്യൻ ചിത്രകാരന്മാർ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഒരു യൂറോപ്യൻ മ്യുസിയം ഇത് ആദ്യമായാണ് ഇത്രയേറെ ചിത്രങ്ങളുമായി ഒരു ഇന്ത്യൻ കലാകാരനെ വരവേൽ ക്കുന്നത്. നിലവിൽ എബിയുടെ രണ്ട് ചിത്രങ്ങൾ ഹെസെ മ്യുസിയം ചുവരിൽ പ്രദർശിപ്പിക്കുന്നുണ്ട്. അക്രിലിക്, ഓയിൽ മാധ്യമങ്ങളിൽ കാൻവസിൽ രചിച്ചവയാണ് മ്യുസിയം ചുവരുകളിലേക്ക് തുടർന്ന് ക്ഷണിക്കപ്പെട്ടത്. സെപ്റ്റംബറിൽ എബിയുടെ ചിത്രങ്ങൾ ജർമനി ഏറ്റുവാങ്ങും.
കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡന്റ്, ആർട് കാൻ കെയർ ചെയർമാൻ, കർണാടക ചിത്രകലാ പരിഷത്ത് നിർവാഹക സമിതി അംഗം, കൊച്ചിൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ ചുമതലകളും എബി വഹിച്ചുപോരുന്നു. പത്രസമ്മേളനത്തിൽ സുഹാസ് വേലാണ്ടി, കെ.പി. പ്രമോദ്, മഹേഷ് മാറോളി തുടങ്ങിയവരും പങ്കെടുത്തു.