ചങ്ങനാശേരി: മിനി ബംഗാൾ എന്ന് വിശേഷിപ്പിച്ചിരുന്ന പായിപ്പാട്ടുനിന്ന് ഒരുമാസത്തിനിടെ 4000 അതിഥി തൊഴിലാളികൾ ബംഗാളിലേക്ക് മടങ്ങി. ഇനി പായിപ്പാട്ട് നൂറിൽ താഴെ അതിഥിത്തൊഴിലാളികൾ മാത്രമെന്ന് കണക്ക്.
പായിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി വിവിധ ഉടമകളുടെ കീഴിൽ 110 ക്യാന്പുകളാണുള്ളത്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പല ക്യാന്പുകളും അടച്ചു പൂട്ടിയ നിലയിലാണ്.
പായിപ്പാട് കവലയിൽ തിരക്കൊഴിഞ്ഞു. അതിഥിത്തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി.കോവിഡ് ലോക്ക് ഡൗണിനിടയിൽ വെസ്റ്റ് ബംഗാളിലേക്ക് ആദ്യമായി ട്രെയിൻ പുറപ്പെട്ടപ്പോൾ പായിപ്പാട്ടെ 1180 തൊഴിലാളികളാണ് പോയത്.
തുടർന്നുള്ള ട്രെയിനുകളിൽ 2280പേർ കൂടി യാത്രയാവുകയായിരുന്നു. ഇന്നു ബംഗാളിലേക്ക് പോകുന്ന ട്രെയിനിൽ സഞ്ചരിക്കാൻ പായിപ്പാട്ടുനിന്ന് ആരുമില്ലെന്നതും ശ്രദ്ധേയമാണ്.