ചങ്ങനാശേരി: കോവിഡ് ഭീഷണിയിൽ പായിപ്പാട്ടുനിന്നും സ്വദേശത്തേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ വിമാന മാർഗം കേരളത്തിലേക്ക് മടങ്ങിയെത്തുന്നു.
കോവിഡ് ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾക്ക് അയവുണ്ടായതോടെയാണ് അതിഥി തൊഴിലാളികൾ എത്താൻ തുടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുന്നൂറോളം തൊഴിലാളികളാണ് വിമാനമാർഗം നെടുന്പാശേരിയിലിറങ്ങി പായിപ്പാട്ട് മടങ്ങിയെത്തിയത്.
നെടുന്പാശേരിയിലെത്തുന്നവരെ നിർമാണ മേഖലയിലെ വിവിധ കരാറുകാരാണ് വാഹനങ്ങളിൽ പായിപ്പാട്ടെ വിവിധ ക്യാന്പുകളിൽ എത്തിക്കുന്നത്. കരാറുകാരുടെ ചെലവിൽ തൊഴിലാളികളെ 15 ദിവസം ക്വാറന്റൈനിൽ താമസിപ്പിച്ചശേഷമാണ് തൊഴിലിനായി പുറത്തിറക്കുന്നത്.
പശ്ചിമ ബംഗാളിലെ മാൾഡ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങി എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെയും നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചതോടെയുമാണ് കരാറുകാരുടെ ആവശ്യപ്രകാരം അതിഥി തൊഴിലാളികൾ മടങ്ങിയെത്താൻ തുടങ്ങിയത്.
കോവിഡിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ മാർച്ച് 29ന് പായിപ്പാട്ടെ അതിഥി തൊഴിലാളികൾ സംഘടിച്ചത് സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിലായി പായിപ്പാട്ടെ അയ്യായിരത്തിലധികം തൊഴിലാളികളെ പ്രത്യേക ട്രയിൻ മാർഗം സ്വന്തം നാടുകളിലത്തിക്കുകയായിരുന്നു.
ജനവാസമേഖലയിലെ ക്യാന്പുകളിൽ നിബന്ധനകൾക്കു വിധേയമായി മാത്രമേ അതിഥി തൊഴിലാളികളെ പാർപ്പിക്കാവൂ എന്നാണ് പായിപ്പാട് നിവാസികൾ ആവശ്യപ്പെടുന്നത്.
മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തൊഴിലാളികളെ ക്യാന്പുകളിൽ താമസിപ്പിക്കുകയുള്ളൂവെന്ന് ലേബർ ക്യാന്പ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി കുര്യാക്കോസ് കൈലാത്ത് പറഞ്ഞു. അതിഥി തൊഴിലാളികളുടെ മടങ്ങിവരവിനെ പ്രതീക്ഷയോടെയാണ് പായിപ്പാട് കവല കാത്തിരിക്കുന്നത്.