ചങ്ങനാശേരി: ലോക്ക്ഡൗണ്‍ നിബന്ധനകൾ ലംഘിച്ച് പായിപ്പാട് ജംഗ്ഷനിൽ അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ അറസ്റ്റിലായ പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശികളായ മുഹമ്മദ് രഞ്ചു(28), അൻവർ(25) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
മുഹമ്മദ് രഞ്ചുവിന്റെ ഫോണിൽ വാർത്താ ചാനൽ പ്രതിനിധിയെ വിളിച്ചതായും വാട്ട്സാപ്പ് മെസേജിലൂടെ ഇതരസംസ്ഥാന തൊഴിലാളികളെ വിളിച്ചതായും സംഘടിക്കാൻ പ്രേരണ നൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിഥി തൊഴിലാളികളെ സംഘടിക്കുന്നതിന് നാട്ടുകാരായ ആളുകളുടെ പ്രചോദനം ലഭിച്ചിട്ടുണ്ടോയെന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ച് സൈബർ സെല്ല് പരിശോധിക്കുന്നുണ്ട്. നാട്ടിൽ നിന്നു ലഭിച്ച ചില ഫോണ്‍ നന്പറുകളും കൊറോണ സെല്ലിൽ നിന്നു ലഭിച്ച നന്പറുകളും അറസ്റ്റിലായവർ ഉപയോഗപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടായിരത്തോളം അതിഥി തൊഴിലാളികൾക്കെതിരേ അന്യായമായി സംഘം ചേർന്ന് നിയമ നിഷേധം നടത്തിയതിന് സംഭവ ദിവസം തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്ത് വിവരങ്ങൾ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. വിവിധ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന മൂവായിരത്തിലേറെ വരുന്ന തൊഴിലാളികൾ പ്രകോപനങ്ങളില്ലാതെ ഞായറാഴ്ച പൊടുന്നനെ സംഘടിച്ച് പായിപ്പാട് ജംഗ്ഷനിലേക്ക് പ്രകടനമായി ഇരച്ചുകയറിയതിനു പിന്നിൽ ഗൂഢാലോചനകളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പോലീസിനൊപ്പം സൈബർ സെല്ലിന്റെ അന്വേഷണം കൂടി നടത്തുന്നത്.