ചങ്ങനാശേരി: പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ചു തെരുവിലിറങ്ങിയ സംഭവത്തിൽ ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് ഏഴു ദിവസങ്ങൾ പിന്നിടുന്പോൾ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.
കോവിഡ് 19നെ തുടർന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനു പിന്നാലെ മൂവായിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ചതിനു പിന്നിൽ ഗൂഢാലോചനയുള്ളതായി സംഭവസ്ഥലം സന്ദർശിച്ച മന്ത്രി തിലോത്തമനും ഉദ്യോഗസ്ഥ മേധാവികളും ആരോപിക്കുകയും ഗൂഢാലോചന ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലാപോലീസ് ചീഫ് ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാരുൾപ്പെടെ 12 അംഗസംഘമാണു കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചനകളുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.
മറിച്ച് ലോക്ക് ഡൗണ് മൂലം വെള്ളവും ആഹാരവും ലഭിക്കാതിരിക്കുമോ എന്ന ആശങ്ക ഉയർത്തുകയും നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും മാത്രമാണു തൊഴിലാളികൾ ചെയ്തെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളിൽനിന്നു വാർത്താ ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ലഭിച്ച വിവരങ്ങളിൽനിന്നാണ് ഇവർ സംഘടിച്ചതെന്നും പോലീസ് നിഗമനത്തിലെത്തുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാലു തൊഴിലാളികളെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.