പത്തനംതിട്ട: ഇന്നലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധസ്വരം മുഴക്കിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലും ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്കി. ഇവര്‍ കൂടുതലായി താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും പിക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം. ഇന്നലെ പായിപ്പാട്ട് സംഭവിച്ചതുപോലെ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യം ജില്ലയിലെ അതിഥി തൊഴിലാളികളും ഉയര്‍ത്തുന്നുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് ചോറു പൊതിയോട് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കണമെന്നാണ് നിര്‍ദേശമുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ ഇതിനു തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം.
സമൂഹ അടുക്കളയില്‍ പാകം ചെയ്ത ഭക്ഷണം എത്തിക്കാമെന്നതാണ് തദ്ദേശസ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 23000 അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
10,000 പേരെങ്കിലും രജിസ്ട്രേഷന് നടത്താതെ ഉണ്ടാകാം. 25000ല്‍ അധികം ആളുകള്‍ ജില്ലയില്‍ ഇപ്പോഴുണ്ടാകാമെന്നും പറയുന്നു. കോവിഡ് 19മായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ കഴിഞ്ഞയാഴ്ചയാണ് നിലവില്‍ വന്നതെങ്കിലും പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സ്തംഭനാവസ്ഥയുണ്ട്.
റാന്നി ഐത്തലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ പല ഭാഗങ്ങളിലും സ്തംഭനാവസ്ഥയായിരുന്നു. തൊഴില്‍ ഇല്ലാതായതോടെ അതിഥി തൊഴിലാളികള്‍ക്കു കൂലി ലഭിച്ചില്ല. ഇതോടെ ഒരു വിഭാഗം മടങ്ങി.
ക്യാമ്പുകളില്‍ ഭക്ഷണമെത്തിച്ചെങ്കിലും തങ്ങള്‍ക്കു യോജിച്ച ഭക്ഷണമായിരുന്നില്ലെന്നാണ് പരാതി. ഉത്തരേന്ത്യന്‍ രീതിയിലുള്ള ആഹാരക്രമമാണ് ഇവരുടേത്. വാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെ പലരെയും ഇറക്കിവിട്ടു. ഇവര്‍ മറ്റുള്ളവര്‍ക്കൊപ്പം കൂടിയതോടെ പലയിടത്തും തിരക്കായി.
സര്‍ക്കാര്‍ തുറന്ന ക്യാമ്പുകളില്‍ രോഗികളെ മാത്രമാണ് താമസിപ്പിക്കുന്നത്. കരാറുകാര്‍ പലയിടത്തും തൊഴിലാളികളെ കൈയൊഴിഞ്ഞ മട്ടാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഇവരുടെ പൂര്‍ണ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.