ചങ്ങനാശേരി: പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോള്‍(54) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ ക്രൈംബാഞ്ച് ഡിവൈഎസ്പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി കോട്ടയം വനിതാസെല്ലില്‍ റിമാന്‍ഡ് ചെയ്തു.
പ്രതി ജോലി ചെയ്തിരുന്ന സഹകരണബാങ്കില്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചിരുന്നതുമായ സ്വര്‍ണം പുറത്തെടുത്ത് നാലുകോടിയിലുള്ള മറ്റാരു ബാങ്കില്‍ പണയംവച്ച് പണം എടുത്തതായും ഇടപാടുകാരില്‍നിന്നു സഹകരണ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സ്വീകരിച്ച രണ്ടുകോടിയോളം രൂപയില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി മാത്യു ജോര്‍ജ് പറഞ്ഞു.
ക്രമക്കേടുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെ ബിന്ദുമോള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അവര്‍ കഴിഞ്ഞ ആറിന് ഉച്ചകഴിഞ്ഞ് പായിപ്പാട് സഹകരണ ബാങ്കില്‍ എത്തിയതു വിവാദങ്ങള്‍ക്കും പോലീസിനെതിരേ രൂക്ഷവിമര്‍ശത്തിനും ഇടയാക്കിയിരുന്നു.
യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ സാമ്പത്തിക ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന ഇ.പി. രാഘവന്‍പിള്ളയെ തൽസ്ഥാനത്തുനിന്നു നീക്കിയിരുന്നു. സെക്രട്ടറി കെ.എന്‍. ബിന്ദുമോള്‍ കഴിഞ്ഞ ഡിസംബർ മുതൽ ജോലിക്കു ഹാജരായിരുന്നില്ലെന്നും രേഖാമൂലം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് ജോൺസൺ പറഞ്ഞു.
രാഘവന്‍പിള്ളയെയും മുൻ ജീവനക്കാരൻ എം. ഗോപാലകൃഷ്ണപിള്ളയെയും തൃക്കൊടിത്താനം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി പകുതിയോടെ ഈ കേസ് ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ക്രൈംബാഞ്ചിനു കൈമാറുകയായിരുന്നു.