ചങ്ങനാശേരി: പായിപ്പാട്ട് ഗൃഹനാഥന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ മകൻ അറസ്റ്റിൽ. പായിപ്പാട് കൊച്ചുപള്ളി വാഴപ്പറന്പിൽ തോമസ് വർക്കി (കുഞ്ഞപ്പൻ-76)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോസഫ് തോമസിനെ(അനി-35) ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ്, എസ്ഐ സാബു സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. പോലീസും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. മദ്യപിച്ചെത്തി അനിയും സഹോദരൻ സിബിയും പിതാവ് തോമസ് വർക്കിയും തമ്മിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് സാധാരണമാണ്. 17-നു രാത്രി വീട്ടിലെത്തിയ അനി പിതാവ് തോമസുമായി വാക്കേറ്റമുണ്ടാക്കുകയും തോമസിന്റെ കഴുത്ത് ഞെരിച്ച് ഭിത്തിയിൽ തലയിടിപ്പിച്ചു.
നിലത്തുവീണ തോമസിനെ നിലത്തിട്ടു ചവിട്ടി. അതിനുശേഷം അനി കിടന്നുറങ്ങി. തോമസ് നിലത്തുകിടന്ന് രക്തം വാർന്ന് മരിച്ചു. പിറ്റേന്നു രാവിലെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ വീട്ടിലെത്തി തോമസിനെ അന്വേഷിച്ചപ്പോഴാണ് മുറിയിൽ നിലത്തു ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തുടർന്ന് ബന്ധുക്കളെ വിളിച്ചുകൂട്ടി നാലുകോടിയിലുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും തോമസ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇന്നലെ രാവിലെ 11-ന് സംസ്കാരവും തീരുമാനിച്ചു.
സംസ്കാരശുശ്രൂഷകൾ ആരംഭിച്ചപ്പോൾ തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ശുശ്രൂഷകൾ നിർത്തിവയ്ക്കണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. തോമസിന്റെ തലയ്ക്കും കഴുത്തിനും വാരിയെല്ലുകൾക്കും പരിക്കേറ്റിട്ടുള്ളതായി പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തി. ഇതേത്തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസെടുത്തു.
തോമസിന്റെ മക്കളായ അനിയെയും സിബിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ അനി തോമസിനെ കൊലപ്പെടുത്തിയതായി തെളിയുകയായിരുന്നു. സംസ്കാരം ഇന്നലെ വൈകുന്നേരം 6.30ഓടെ പായിപ്പാട് ലൂർദ് മാതാ പള്ളിയിൽ നടത്തി.
തോമസിന്റെ ഭാര്യ ചിന്നമ്മ റാന്നിയിലുള്ള മകൾ ലിസിക്കൊപ്പമാണ് താമസം. ഇരട്ടകളായ അനിയും സിബിയും പിതാവുമായി ഇടയ്ക്കു വാക്കേറ്റം നടത്താറുണ്ടെന്നു നാട്ടുകാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. പെൻഷൻ തുക നൽകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടായതായും പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കും.