ചങ്ങനാശേരി: പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പോലീസിലെ പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കി. പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്നലെ ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിൽ ചേർന്നു. ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി.
സാവധാനം കൂടുതൽ പേരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇതേസമയം ചങ്ങനാശേരി തഹസിൽദാർ ജിനു പൂന്നൂസിന്റെ നേതൃത്വത്തിൽ വിവിധ ക്യാന്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ ഫോണ് നന്പർ, ആധാർ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ശേഖരിച്ചു.
100 ക്യാന്പുകളിലായി നാലായിരം പേർ പായിപ്പാട്് ഉണ്ടെന്ന് തഹസിൽദാർ അറിയിച്ചു. നാല് വില്ലേജ് ഓഫീസർമാരുടെ സഹകരണത്തോടെ നടന്ന കണക്കെടുപ്പ് ഇന്നലെ രാത്രി 11നാണ് പൂർത്തികരിച്ചത്.അതിഥി തൊഴിലാളികൾക്കുള്ള ആഹാരാ സാധനങ്ങൾ ഇന്നു രാവിലെ എത്തിച്ചേർന്നു.
അരി, സവോള, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടുന്ന ഹോർട്ടികോർപ്പിൽ നിന്നുള്ള ഒരു ലോഡ് സാധനങ്ങളും സ്പോണ്സർഷിപ്പിലുടെ ലഭിച്ച സാധനങ്ങളുമാണ് രാവിലെ പായിപ്പാട് എത്തിച്ചേർന്നത്. ഇതു ക്യാന്പുകളിൽ എത്തിക്കുന്ന ജോലികൾ നടക്കുകയാണ്. സർക്കാർ അനുവദിച്ച അഞ്ച് ടണ് അരി ഇന്നോ നാളെയോ എത്തിച്ചേരും.
അതേസമയം ഇന്നലെ പായിപ്പാട്ടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകൾ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് സന്ദർശിച്ചു. തൊഴിലാളികളെ ഉടമകൾക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ പോലീസിനെ വിവരം അറിയിക്കണം. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതുവരെ വാടകയോ മറ്റുചെലവുകളോ ഇവരിൽനിന്ന് ഈടാക്കരുതെന്നും ഐജി നിർദേശം നൽകി.
യാത്ര അനുവദിക്കില്ലെന്ന കാര്യം ഹോംഗാർഡിന്റെ സഹായത്തോടെ മനസിലാകുന്ന ഭാഷയിൽ തൊഴിലാളികളെ ബോധ്യപ്പെടുത്തണമെന്നും ഐജി ശ്രീജിത് നിർദേശിച്ചു. ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ്, ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ് എന്നിവരും ഐജിക്ക് ഒപ്പമുണ്ടായിരുന്നു.