കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ പത്താം വാർഡിൽ കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്തതിൽ പാക്കം ചെറിയചീപ്രത്തുള്ള ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് മന്ദഗതി. കുടുംബങ്ങളെ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള മഠംകുന്ന്, ഞാവലംകുന്ന് എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് ഒച്ചിന്റെ വേഗതയാണ്. പുനരധിവാസ പദ്ധതി നിർവഹണത്തിനു സബ് കളക്ടർ അധ്യക്ഷനായി ആറു മാസം മുന്പ് സബ് കമ്മിറ്റി രൂപകരിച്ചെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. പുനരധിവാസ പദ്ധതിയിലുള്ള ആദിവാസികളുടെ പ്രതീക്ഷ നശിക്കുകയാണ്.
തലമുറകളായി താമസിക്കുന്നവർക്കു പുറമേ അണക്കെട്ട് നിർമിച്ചതോടെ വെള്ളംകയറിയതടക്കം മറ്റിടങ്ങളിൽനിന്നുള്ള ആദിവാസി കുടുംബങ്ങൾ ചെറിയ ചീപ്രത്തേക്ക് കുടിയേറിയതും പുനരധിവാസത്തെ ബാധിക്കുന്നുണ്ട്. ചെറിയ ചീപ്രത്ത് ഭൂമി കൈയേറി കുടിൽകെട്ടി താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ബാധ്യയില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്.
ഇവിടെ ഏകദേശം നാല് ഏക്കറിലായി നാൽപ്പതോളം കുടുംബങ്ങളാണ് താമസം. ചെറിയചീപ്രത്ത് പരന്പരാഗതമായി താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനു ഭരണകൂടം നേരത്തേ നെല്ലാറച്ചാൽ ചീപ്രംകുന്നിൽ സ്ഥലം കണ്ടെത്തിയിരുന്നു. 2010ൽ ഏതാനും കുടുംബങ്ങൾക്ക് കൈവശരേഖ മാത്രം നൽകി. കൈവശരേഖയിൽ പറയുന്ന സ്ഥലം എവിടെയാണെന്നുപോലും തിട്ടമില്ലാത്ത സ്ഥിതിയിലാണ് പല കുടുംബങ്ങളും.
വാസയോഗ്യമായ വീട് ഒരു കുടുംബത്തിനും ഇല്ല. പ്ലാസ്റ്റിക് മേഞ്ഞതാണ് കുടിലുകൾ. ശൗചാലയങ്ങങ്ങളുടെ അഭാവത്തിൽ റിസർവോയറിനോടു ചേർന്നുള്ള കുറ്റിക്കാടുകളാണ് സ്ത്രീകളടക്കമുള്ളവർക്ക് മല-മൂത്ര വിസർജനത്തിനു ശരണം. കൈവശഭൂമിയിൽ ഉടമാവകാശം ഇല്ലാത്തതിനാൽ വൈദ്യുതിയും അന്യം.
കോളനിയിലെ നിരവധി കുട്ടികൾ പാക്കത്തും സമീപത്തുമുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. രാത്രി വായനയ്ക്ക് മണ്ണെണ്ണ വിളക്കുകളും മെഴുകുതിരികളുമാണ് ആശ്രയം. അടുത്തകാലംവരെ കുടിവെള്ളത്തിനും അലയേണ്ട ഗതികേടിലായിരുന്നു ആദിവാസികൾ. പ്രദേശവാസികളുടെ സഹകരണത്തോടെ കിണർ നിർമിച്ചതോടെയാണ് കുർനീർ പ്രശ്നത്തിനു പരിഹാരമായത്.