മൂവാറ്റുപുഴ: എംസി റോഡിൽ പായിപ്ര കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇതോടെ ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കിനു പരിഹാരം കാണുവാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന യോഗത്തിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ഗതാഗതക്കുരുക്കിനു പരിഹാരം കാണുവാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
ബസ് സ്റ്റോപ്പിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുക, റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽനിന്ന് പിഴ ഈടാക്കുക, പഞ്ചായത്ത് ഓഫീസിൽ എത്തുന്ന വയോധികർക്കും വിഗലാംഗർക്കും സൗകര്യപ്രദമായ വിധത്തിൽ ഓഫീസിനു മുന്നിൽ ബസ് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് താലൂക്ക് വികസന യോഗത്തിൽ പ്രസിഡന്റ് ഉന്നയിച്ചിരിക്കുന്നത്.
പായിപ്ര കവലയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമെന്നത് അധികൃതർ ഏറെക്കാലമായി നൽകുന്ന വാഗ്ദാനമാണ്. ഏറെ തിരക്കുള്ള ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സബൈൻ ആശുപത്രിയും ഇതിനടുത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പായിപ്രയ്ക്ക് സ്വന്തമായ ഒരു വികസന പദ്ധതി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രശ്ന പരിഹാരത്തിന് കവലയിലെ അനധികൃത പാർക്കിംഗ് കർശനമായി തടയണം. ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണം. ഇപ്പോൾ കവലയുടെ നടുവിലായാണ് ഇരു വശത്തേക്കും പോകേണ്ട ബസുകൾ നിർത്തുന്നത്.പായിപ്ര റോഡിൽനിന്ന്എംസി റോഡിലേക്ക് വരുന്ന ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ ബൈപ്പാസ് റോഡുവഴി എംസി റോഡിലെത്തണമെന്ന നിയമം കാറ്റിൽപ്പറത്തിയിരിക്കുകയാണ്. ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സമ്മർദങ്ങൾക്കു വഴങ്ങി പഞ്ചായത്ത് ഭരണസമിതി ഗതാഗത പരിഷ്ക്കാരം അട്ടിമറിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
റോഡിനു കുറുകെ കടക്കാൻപോലും ഇവിടെ ജനങ്ങൾ ഭയപ്പെടുകയാണ്. അപകടങ്ങൾ പതിവായതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ രണ്ടു വർഷം മുന്പ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് റോഡ് സുരക്ഷ ഉറപ്പാക്കാനായി പഠനങ്ങൾ നടത്തി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. സ്പീഡ് ബ്രേക്കർ, സിഗ്നൽ ബോർഡുകൾ, ജംഗ്ഷനിൽ മൂന്നിടങ്ങളിലായി സീബ്രാ ലൈൻ എന്നിവ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ റോഡ് സുരക്ഷയ്ക്കായി കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വിദ്യാർഥികൾ അടക്കമുള്ളവർ റോഡിനു കുറുകെ കടക്കുന്നത് അപകടകരമായ രീതിയിലാണ്. ഇതു തടയാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യവും നടപ്പായില്ല.