ന്യൂഡൽഹി: ലിയാൻഡർ പെയ്സ് ഡേവിസ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്പോൾ 16 വയസായിരുന്നു. വിജയങ്ങൾ സ്വന്തമാക്കി മുന്നേറിയപ്പോൾ പെയ്സ് ഇന്ത്യ കണ്ട ടെന്നീസിലെ ഇതിഹാസതാരമായി വളർന്നു. ഇപ്പോൾ 44 വയസിലെത്തിയ പെയ്സിനെ പ്രായം തളർത്തുന്നില്ല.
ഡേവിസ് കപ്പ് ഡബിൾസിൽ 43 വിജയങ്ങളുമായി ലോകറിക്കാർഡ് പെയ്സ് സ്വന്തമാക്കി. ഡേവിസ് കപ്പിൽ ഏറ്റവും കൂടുതൽ ഡബിൾസ് വിജയിയെന്ന പേര് ഇനിമുതൽ ഇന്ത്യൻ ഇതിഹാസത്തിന്റെ പേരിലാണ്. ഡേവിസ് കപ്പിലെ ലോക റിക്കാർഡ് രാജ്യത്തിനു സമർപ്പിക്കുകയാണെന്ന് താരമറിയിച്ചു.
ഈ മണ്ണിന്റെ പുത്രനായതിലും ഇത്രയും കാലം കളിക്കാനായതിലും അഭിമാനിക്കുന്നതായും പെയ്സ് പറഞ്ഞു. റിക്കാർഡ് അച്ഛനും രക്ഷിതാക്കൾക്കും മകൾ അയാനയ്ക്കും ഡേവിസ് കപ്പിലെ എല്ലാ നായകന്മാർക്കും ഡബിൾസിലെ പങ്കാളികൾക്കും സമർപ്പിക്കുന്നു- പെയ്സ് പറഞ്ഞു.