ആലക്കോട്: ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പൈതൽ മലയിൽ കുറിഞ്ഞി പൂത്തതോടെ അവിടേക്കൊഴുകുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നു. കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് ഏറെ ദുഷ്കരമാണ്. കൂടാതെ വഴിയിലുടനീളം വൻമരങ്ങൾ കടപുഴകി കിടക്കുന്നതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
പൈതൽമലയിൽ എത്തിയാലും സുരക്ഷാ സംവിധാനങ്ങളോ മാർഗനിർദേശം നൽകാനോ ആരുമില്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്നു. കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാൻ സൗകര്യമില്ലെന്നതും സഞ്ചാരികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. പൈതൽമലയിലെ മാലിന്യനിക്ഷേപവും സഞ്ചാരികൾക്കു വെല്ലുവിളിയാണ്.
ഉരൽക്കുറിഞ്ഞികളാണ് പൈതൽ മലയിൽ പുത്തിരിക്കുന്നത്. കുറിഞ്ഞിക്കാടുകൾ മുഴുവനായും ഏതാനും ദിവസങ്ങൾക്കകം പൂത്തുലയും. കൂടാതെ കണ്ണാന്തളിയുടെ മൂന്ന് ഇനങ്ങളുടെ സാന്നിധ്യവും സഞ്ചാരികളെ പൈതൽമലയിലേക്ക് ആകർഷിക്കുന്നു.