കാവ്യാത്മകത കൊണ്ടും ഈണത്തിന്റെ മനോഹാരിതകൊണ്ടും മലയാളിയുടെ ക്രിസ്മസ് കാലങ്ങളെ പുളകമണിയിച്ച ’ പൈതലാം യേശുവേ…’ എന്ന സൂപ്പർഹിറ്റ് ക്രിസ്മസ് ഗാനം പുറത്തിറങ്ങിയിട്ട് 35 കൊല്ലങ്ങൾ പിന്നിടുന്നു. ഫാ.ജസ്റ്റിൻ പനക്കൽ ഈണം നൽകി കേരളത്തിന്റെ വാനന്പാടി ചിത്ര ആലപിച്ച ഗാനം തലമുറകളുടെ മനസിൽ ഇടംപിടിച്ചിട്ടും, ഈ ഗാനത്തിന്റെ രചയിതാവിനെ കുറിച്ച് അധികമാർക്കും അറിയില്ല. നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വൈദികനുമായ ഫാ.ജോസഫ് പാറങ്കുഴിയാണ് ആ ഗാനരചയിതാവ്.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വെള്ളനാടിന് സമീപം കാരിക്കോണം സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവക വികാരിയാണ് ഇപ്പോൾ ഫാ.ജോസഫ് പാറാങ്കുഴി. ഗാനമിറങ്ങുന്പോൾ ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക വിദ്യാർഥിയായിരുന്നു. ഗാനഗന്ധർവ്വൻ യേശുദാസിന്റെ തരംഗിണി മ്യൂസിക്സിലൂടെ 1984 ൽ ക്രിസ്മസ് കാലത്ത് പുറത്തിറങ്ങിയ സ്നേഹ പ്രവാഹമെന്ന ഭക്തിഗാന കാസറ്റിൽ നാല് ഗാനങ്ങൾ രചിച്ചുകൊണ്ടാണ് അദ്ദേഹം ആദ്യമായി ക്രിസ്തീയ സംഗീത ശാഖയിലേക്ക് കടന്നുവരുന്നത്.
സ്നേഹപ്രവാഹത്തെ ജനപ്രിയമാക്കിയ പൈതലാം യേശുവേ കൂടാതെ ക്രിസ്മസ്കാലത്ത് കാരൾ സംഘങ്ങളുടെ പ്രിയപ്പെട്ട ഗാനമായ ദൈവം പിറക്കുന്നു മനുഷ്യനായ് ബത്ലഹേമിൽ, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന, ദൈവം നിരുപമ സ്നേഹം എന്ന് തുടങ്ങുന്ന മൂന്നു ഗാനങ്ങൾ കൂടി ആ കാസറ്റിലൂടെ പുറത്തുവന്നിരുന്നു. ഈ മൂന്ന് ഗാനങ്ങളും ഗാനഗന്ധർവൻ യേശുദാസാണ് ആലപിച്ചത്.
സ്നേഹപ്രവാഹത്തിന് വേണ്ടി സംഗീത സംവിധായകനായ ഫാ.ജസ്റ്റിൻ പനക്കൽ 260 ഗാനങ്ങൾ വിവിധ തലങ്ങളിൽ നിന്ന് ശേഖരിച്ച ശേഷം 12 പാട്ടുകളാണ് തെരഞ്ഞെടുത്തതെങ്കിലും നാല ഗാനങ്ങൾ ഫാ.ജോസഫ് പാറാങ്കുഴിയുടേതായി കാസറ്റിൽ ഉൾപ്പെടുത്തി.
കാസറ്റിലേക്ക് ഉണ്ണിയേശുവിനെക്കുറിച്ച് ഒരു താരാട്ട് പാട്ട് ഉൾപ്പെടുത്താനുളള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചില പാട്ടുകൾ ആദ്യം തെരെഞ്ഞെടുത്തെങ്കിലും സംഗീത സംവിധായകന് തൃപ്തിവരാത്തതിനാൽ റിക്കാഡിംഗിന് മണിക്കൂറുകൾക്ക് മുന്പ് ഫാ.ജോസഫ് പാറാംങ്കുഴിയോട് താരാട്ട് പാട്ട് എഴുതാൻ ആവശ്യപ്പെടുകയും അരമണിക്കൂറിനുളളിൽ എഴുതിയ മൂന്നു താരാട്ടുപാട്ടുകളിൽ മൂന്നാമതായി എഴുതിയ പൈതലാം യേശുവേ തെരെഞ്ഞെടുക്കുകയുമായിരുന്നു. സ്നേഹപ്രവാഹം സൂപ്പർഹിറ്റ് ആയതോടെ യേശുദാസിന്റെ ആവശ്യപ്രകാരം 1985 ൽ ഇറങ്ങിയ സ്നേഹസന്ദേശത്തിലും ഫാ.ജോസഫ് പാറാങ്കുഴി നാലു ഗാനങ്ങൾ എഴുതി .
ക്രിസ്തീയ സംഗീത ശാഖക്ക് പതിനായിരത്തിലധികം ഗാനങ്ങൾ അദ്ദേഹം സംഭാവന ചെയ്തു കഴിഞ്ഞു. ചെറുതും വലുതുമായി രണ്ടായിരത്തിലധികം കാസറ്റുകൾക്ക് ഗാനങ്ങൾ രചിച്ചു നൽകിയ ഫാ.പാറങ്കുഴി ഇതുവരെ ആരുടെ കൈയിൽ നിന്നും പ്രതിഫലമായി പണം വാങ്ങിയിട്ടില്ല. ആദ്യ രചനക്ക് പ്രതിഫലവുമായി സംഗീത സംവിധായകൻ ജസ്റ്റിൻ പനക്കൽ സമീപിച്ചെങ്കിലും സ്നേഹപൂർവം പ്രതിഫലം നിരസിച്ചതിനെ തുടർന്ന് സ്നേഹപ്രവാഹത്തിന്റെ 25 കാസറ്റുകൾ ഫാ. പാറാങ്കുഴിക്ക് നിർബന്ധിച്ച് നൽകി.
ലത്തീൻ ദിവ്യബലിയിലെ പ്രസിദ്ധിയാർജിച്ച അൻപാർന്ന സ്നേഹമേ എന്ന് തുടങ്ങുന്ന സംഗീത സംവിധായകൻ ഓ.വി.ആർ ചിട്ടപ്പെടുത്തിയ അനുതാപ ഗാനം ഏറെ ശ്രദ്ധനേടിയ ഗാനമാണ് . ബൈബിളിലെ സങ്കീർത്തനങ്ങൾ എല്ലാം ഗാന രൂപത്തിലാക്കിയ ഫാ.ജോസഫ് പാറാങ്കുഴി ഒരു ദിവസം ഒരുഗാനമെന്ന നിലയിൽ എഴുതിക്കൊണ്ടിരിക്കുന്നു. കാട്ടാക്കട കട്ടയ്ക്കോടിന് സമീപം പാറാങ്കുഴി വീട്ടിൽ ജ്ഞാനമുത്തൻ -തങ്കമ്മ ദന്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനാണ് ഫാ.ജോസഫ് പാറാംങ്കുഴി.