ഇയാനൊരു തികഞ്ഞ ക്രിമിനലായിരുന്നു. നല്ല മദ്യപാനി. ലോകംകണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരി ഹിറ്റ്ലറെ ആരാധിക്കുന്നവൻ. ഹിറ്റ്ലറിന്റെ ആത്മകഥയായ മെയിൻ കാഫ് പലവട്ടം വായിച്ചു മനപ്പാഠമാക്കിയവൻ.
ലൈംഗിക വൈകൃതങ്ങളെ ഇഷ്ടപ്പെടുന്നവൻ. കവർച്ച നടത്തി പണം അപഹരിക്കുന്നവൻ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ആനന്ദം കണ്ടെത്തുന്നവൻ… ഇങ്ങനെ ഏതു കുറ്റകൃത്യങ്ങളുടെയും പോരിനോടൊപ്പം ഇയാന്റെ പേരു ചേർത്തുവയ്ക്കാം.
ഇങ്ങനെയുള്ളവനുമായി പ്രണയത്തിലായ പെൺകുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇയാന്റെ രീതികൾ മിരയെയും സ്വാധീനിച്ചു തുടങ്ങി. പടിപടിയായി അവളും ഇയാന്റെ ക്രിമിനൽ പരിപാടികൾക്കൊപ്പം ചേർന്നു. കവർച്ച തുടങ്ങി. അതുവഴി പണമുണ്ടാക്കി.
ഇരകൾ കുട്ടികൾ
കൊടുംക്രിമിനലായ ഇയാൻ ബ്രാൻഡി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നു. ഇയാനോടൊപ്പം കൂടിയതോടെ മിരയും ഇത്തരം അധാർമിക താത്പര്യങ്ങളുടെ ലോകത്തേക്കു ചുവടുവച്ചു. കുട്ടികളും കൗമാരക്കാരുമായിരുന്നു ഇവരുടെയും മുഖ്യ ഇരകൾ.
കുട്ടികളെ തട്ടിയെടുത്ത് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ഇരുവരും ആനന്ദം കണ്ടെത്തി. കുട്ടികളെ തടവിലാക്കി തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം അതിക്രൂരമായി കൊലപ്പെടുത്തുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്.
ഇത്തരത്തിൽ ഇവർ അഞ്ചു കുട്ടികളെ തട്ടിയെടുത്ത് ക്രൂരമായി ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തി.
ആദ്യ ഇര
1963 ജൂലൈയിൽ പതിനാറുകാരിയായ പോളിൻ റീഡ് ആണ് ഇവരുടെ ആദ്യ ഇരയായി മാറിയത്. ബ്രാൻഡി മിരയുടെ സഹായത്തോടെ പോളിനെ തട്ടിക്കൊണ്ടുപോയി. പിന്നീടു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
നാലു മാസത്തിനു ശേഷം, 12 വയസുകാരനായ ജോൺ കിൽബ്രൈഡിനെ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 1964 ജൂണിൽ 12 വയസുകാരനായ കീത്ത് ബെന്നറ്റിനെ തട്ടിയെടുത്ത് കൊലപ്പെടുത്തി.
പിന്നീട് പത്തു വയസുള്ള ലെസ്ലി ആൻ ഡൗനി ഒരു പ്രാദേശിക മേളയിൽനിന്ന് അപ്രത്യക്ഷനായി. കുട്ടികൾ അപ്രത്യക്ഷരാകുന്പോഴും അതിനു പിന്നിൽ ഇവരാണെന്നുള്ളത് ആരും തിരിച്ചറിഞ്ഞിരുന്നില്ല.
പിടിവീഴുന്നു
എന്നാൽ, 1965ൽ ഒക്ടോബറിൽ നടന്ന ഒരു സംഭവം വഴിത്തിരിവായി. ഇവരുടെ അഞ്ചാമത് ഇരയായ 17കാരൻ എഡ്വേർഡ് സ്മിത്തിനെ കൊലപ്പെടുത്തുന്നതു മിരയുടെ കസിൻ ഡേവിഡ് സ്മിത്ത് അവിചാരിതമായി കാണാനിടയായി. ഇതോടെ ബ്രാഡിയും മിരയും നടത്തിയ കുട്ടിക്കൊലകളുടെ സ്മിത്ത് പോലീസിന് ഈ കൊലപാതകത്തെക്കുറിച്ചുള്ള വിവരം നൽകി.
പിന്നീടു പോലീസ് ബ്രാഡിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മറ്റു കൊലപാതക രഹസ്യങ്ങളും മിരയുടെ പങ്കാളിത്തവുമെല്ലാം പുറംലോകമറിഞ്ഞത്.
ഇവരുടെ ഇരകളെല്ലാം പ്രായപൂർത്തിയാകാത്തവർ ആയിരുന്നു. ഈ കൊലപാതകങ്ങളെല്ലാം മൂർസ് കൊലപാതകം എന്ന പേരിലാണ് അറിയപ്പെടുന്നത്.
കീത്തിനെ കണ്ടെത്താനായില്ല
അഞ്ച് കുട്ടികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ 12കാരനായ കീത്ത് ബെന്നെറ്റിന്റെ മൃതശരീരം എവിടെയെന്ന് ഇയാനോ മിരയോ വെളിപ്പെടുത്തിയില്ല. ഈ സംശയങ്ങള്‍ പുറത്തുപറയാതെയാണ് ഇയാനും മിരയും ഈ ഭൂമിയിൽനിന്നു മൺമറഞ്ഞതും.
1964ല്‍ മുത്തശ്ശിയുടെ വീട്ടിലേക്കു പോവുകയായിരുന്ന കീത്തിനെ സ്വാധീനിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയതു മിരയായിരുന്നു. പിന്നീട് ഇവനെക്കുറിച്ച് ഒരു വിവരവുമില്ല.
മകന്റെ മൃതശരീരം കണ്ടെത്താനുള്ള കീത്തിന്റെ അമ്മയുടെ അന്വേഷണം 2012ല്‍ അവസാനിച്ചിരുന്നു. ഇയാനും മിരയും ചെയ്തു കൂട്ടിയ ക്രൂരതകള്‍ നിരവധി കുടുംബങ്ങളെയാണ് ബാധിച്ചത്. കുട്ടികളെ പുറത്തു കളിക്കാന്‍ വിടാന്‍ പോലും വീട്ടുകാർ അക്കാലത്തു ഭയന്നിരുന്നു.
വിചാരണവും തടവും
1966ൽ വിചാരണ നേരിട്ട അഞ്ച് കൊലപാതകങ്ങളിൽ മൂന്നു കൊലപാതകങ്ങളിൽ ബ്രാഡി കുറ്റക്കാരനാണെന്നും രണ്ടു കൊലപാതകങ്ങളിൽ മിര കുറ്റക്കാരിയാണെന്നും കോടതി കണ്ടെത്തി. ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഒരിക്കലും ജയിലിൽനിന്നു പുറത്തുപോകാൻ ഇയാൻ ബ്രാഡി ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, മിര അങ്ങനെ ആയിരുന്നില്ല. തന്നെ മോചനംതേടി പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. പലതവണ പരോളിന് അപേക്ഷിച്ചെങ്കിലും മിരയുടെ അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു.
1970ൽ മിര ബ്രാഡിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇയാൻ ബ്രാഡിയുടെ സമ്മർദത്തെത്തുടർന്നാണ് താൻ കൊലപാതകങ്ങളിൽ ഉൾപ്പെട്ടതെന്നു മിര പിന്നീടു മാധ്യമങ്ങളോടു പറഞ്ഞതു വലിയ വാർത്തയായിരുന്നു.
ബ്രാഡി എന്നെ ശരിക്കും ബ്ലാക്ക് മെയിൽ ചെയ്തു. അവനിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത വിധം അവനെന്നെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു – മിര പറഞ്ഞു.
ഒടുവിൽ നരകത്തിലേക്ക്
ഏറെക്കാലത്തെ ജയിൽവാസം ബ്രാഡിയെയും മിരയെയും രോഗബാധിതരാക്കി. ഒരിക്കൽപോലും ജയിലിൽനിന്നു പുറത്തിറങ്ങാൻ ഇരുവർക്കുമായില്ല.
2002ൽ അറുപതാമത്തെ വയസിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ജയിലിൽ ലോകം കണ്ട ക്രൂരയായ സ്ത്രീകളിലൊരാളായ മിര ഹൈന്ദ്ലി മരണത്തിനു കീഴടങ്ങി. 2017ൽ എഴുപത്തിയൊമ്പതാം വയസിലാണ് ഇയാൻ ബ്രാഡി മരിച്ചത്.
മരിക്കുന്നതുവരെ താൻ ചെയ്ത തെറ്റുകളിൽ ബ്രാഡി പശ്ചാത്തപിച്ചു കണ്ടിട്ടില്ല. ഒരു അജ്ഞാത വ്യക്തി മിരയുടെ ശവപ്പെട്ടിയിൽ ഒരു കുറിപ്പ് പിൻ ചെയ്തു. അതിൽ ഇപ്രകാരം എഴുതിയിരുന്നു. നരകത്തിലേക്ക് അയയ്ക്കുക.