പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മ്മാതാവും ചേര്‍ന്ന് തന്നെ ലെംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് ചലച്ചിത്ര നടി രംഗത്ത്.
പ്രശസ്ത പാക് നടിയായ മെഹ്റിന് ഷായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടിയുടെ ആരോപണം.
അസ്സര്ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു.
ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാന് സംവിധായകന് സയ്യിദ് എഹ്സാന്‍ അലി സെയ്ദിയും ചേര്‍ന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് മെഹ്റിന് ഷാ വെളിപ്പെടുത്തുന്നത്.
നിര്‍മ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ ഉപദ്രവിച്ചതെന്ന് മെഹ്റിന് പറഞ്ഞു. വീഡിയോയില്‍ തന്റെ അനുഭവം വിവരിക്കുന്ന സമയത്ത് മെഹ്റിന്റെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു.
തന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രവശ്യം നിഷേധിച്ചുവെന്നും മെഹ്റിന് പറയുന്നു. ഒപ്പം തനിക്ക് തിരിച്ചുവരാന്‍ അടക്കം വിമാനടിക്കറ്റ് പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
ഈ വിഷയം പിന്നീട് താന്‍ പുറത്തുപറയേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. മുന്നോട്ട് പോകാം എന്ന് കരുതിയതാണ്.
എന്നാല്‍ സിനിമ രംഗത്തെ മറ്റു നടിമാര്‍ക്ക് അനുഭവമായി ഇത് പങ്കുവയ്ക്കണമെന്ന് ഇപ്പോള്‍ തോന്നിയെന്ന് മെഹ്റിന് ഷാ പറയുന്നു.