ലോകവ്യോമയാന മേഖലയെത്തന്നെ ഞെട്ടിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ പൊതുമേഖലാ വിമാനക്കന്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) മൂന്നു പൈലറ്റുമാർക്ക് അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ലെന്ന് പുറത്തുവന്നതോടെയാണ് വ്യോമയാനമേഖലതന്നെ ഞെട്ടിയത്.
പൈലറ്റുമാരുടെ മാത്രമല്ല പിഐഎയുടെ ജീവനക്കാരിൽ ഏറിയ പങ്കും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി സന്പാദിച്ചവരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ജീവനക്കാരുടെ യോഗ്യത പരിശോധിക്കാൻ കോടതി നിർദേശിച്ചു. ഇതോടെയാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ജോലി നേടിയതെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് മൂന്നു പൈലറ്റുമാർ, 50 കാബിൻ ക്രൂ അംഗങ്ങൾ എന്നിവരെ പിഐഎ പിരിച്ചുവിട്ടു.
28നു മുന്പ് ജീവനക്കാരുടെ യോഗ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചൊവ്വാഴ്ചയാണ് രണ്ടംഗ ബെഞ്ച് പിഐഎയോട് നിർദേശിച്ചത്. ഇതേത്തുടർന്ന് ലഭിച്ച റിപ്പോർട്ടിന്മേൽ വിദ്യാഭ്യാസ യോഗ്യത സാക്ഷ്യപ്പെടുത്താൻ കഴിയാത്ത പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും പിരിച്ചുവിടാൻ രണ്ടംഗ ബെഞ്ച് സിവിൽ ഏവിയേൻ അഥോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. പൈലറ്റുമാർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതപോലുമില്ലെന്നു കണ്ട് കോടതി ഞെട്ടി. വിദ്യാഭ്യാസമില്ലാത്തവർക്ക് ബസ് അനായാസം ഓടിക്കാം. എന്നാൽ, ഇത്രയേറെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധത്തിൽ പൈലറ്റുമാർ ജോലിചെയ്തുവന്നിരുന്നതിൽ കോടതി അന്പരപ്പ് പ്രകടിപ്പിച്ചു.
ഇതോടൊപ്പം പൈലറ്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ പിഐഎക്ക് അനുമതി നല്കി കോടതി ഉത്തരവായി. എന്നാൽ, പൈലറ്റുമാരുടെ ലൈസൻസ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും വാങ്ങിയിരിക്കണമെന്നാണ് നിർദേശം.