റാവൽപിണ്ടി: രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻ സൈന്യം. യുദ്ധം ഉണ്ടായാൽ ഇന്ത്യക്ക് സംഭ്രമിപ്പിക്കുന്ന മറുപടി നൽകുമെന്നും പാക് സൈന്യം അറിയിച്ചു. തങ്ങൾ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എന്നാൽ ഒന്ന് ഉറപ്പ് നൽകുകയാണ്. എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ നിങ്ങൾക്ക് ഞങ്ങളെ അതിശയിപ്പിക്കാൻ കഴിയില്ല. തീർച്ചയായും നിങ്ങളെ പാക്കിസ്ഥാൻ അതിശയിപ്പിക്കുമെന്നും മുഖ്യ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷങ്ങളൊന്നും നടത്താതെ പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാനെ ഇന്ത്യ കുറ്റപ്പെടുത്തുകയാണ്. വിഭജനത്തെ ഇന്ത്യക്ക് ഇതുവരെ അംഗീകരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് 72 വർഷത്തെ ചരിത്രമുണ്ട്. 1947 ൽ വിഭജനം സംഭവിക്കുകയും പാക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യക്ക് ഈ വിഭജനം ഇപ്പോഴും അംഗീകരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനു ഇതുവരെ പാക്കിസ്ഥാൻ തയാറായിട്ടില്ല. എന്നാൽ ഇന്ത്യ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിനു പാക്കിസ്ഥാൻ മുൻകൈ എടുക്കില്ല. അടിച്ചാൽ തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും പാക്കിസ്ഥാനുണ്ടെന്നും ആസിഫ് ഗഫൂർ അറിയിച്ചു.