ന്യൂഡല്‍ഹി: കാലികളെ മേയ്ക്കുന്നതിനിടെ വെള്ളംകുടിക്കാന്‍ അതിര്‍ത്തികടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന് ബാലനെ ഇന്ത്യ തിരിച്ചയച്ചു. മനുഷ്യത്വപരമായ ഈ നടപടിയെക്കുറിച്ച് വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും പാക്കിസ്ഥാന് പ്രതികരിച്ചിട്ടില്ല. അതേസമയം അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ ജവാന് ചന്തു ബാബുലാല്‍ ചവാനെ തടവിലാക്കിയിരിക്കുകയാണ്.
ഞായറാഴ്ചയാണ് പാക്കിസ്ഥാന് ബാലനായ മുഹമ്മദ് തന്‍വീര്‍ എന്ന പതിനാലുകാരനാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. പഞ്ചാബിലെ ഫെറോസ്പൂര്‍ സെക്ടറില്‍ എത്തിയ ബാലനെ ഗ്രാമീണര്‍ കാണുകയും പിന്നീട് ബിഎസ്എഫ് ജവാന്മാരെ ഏല്പിക്കുകയുമായിരുന്നു. കുട്ടിയോടും സൈന്യം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും അതിര്‍ത്തി കടന്നത് മനപൂര്വമല്ലെന്നു ബോധ്യപ്പെടുകയായിരുന്നു.
പാക്കിസ്ഥാന് അതിര്‍ത്തി പ്രദേശമായ കസൂര്‍ ജില്ലയിലെ ദാരി വില്ലേജിലാണ് മുഹമ്മദിന്റെ കുടുംബം. കന്നുകാലികളെ മേയ്ച്ചു നടക്കുന്നതിനിടെ ക്ഷീണിതനായ കുട്ടി ഇന്ത്യയിലുള്ള കുഴല്‍ക്കിണര്‍ കണ്ട് വെള്ളം കുടിക്കാന്‍ എത്തുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയോ സൈനിക നടപടികളോ ഒന്നുമറിയില്ലായിരുന്ന ബാലനെ ഇന്ത്യന്‍ സൈന്യം ആശ്വസിപ്പിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാക്കിസ്ഥാനിലേക്കു തിരികെ അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പാക്കിസ്ഥാന് സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ബാലനെ കൈമാറിയത്. അവര്‍ കുട്ടിയെ വീട്ടിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന് ഉറിയില്‍ ഭീകരാക്രമണം നടത്തുകയും പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ തിരിച്ചടി നടത്തുകയും ചെയ്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തെങ്കിലും പാക്കിസ്ഥാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം അബദ്ധത്തില്‍ അതിര്‍ത്തികടന്ന ഇന്ത്യന്‍ ജവാനെ പാക്കിസ്ഥാന് തടവിലാക്കിയിരിക്കുകയാണ്.
ചന്തു ബാബുലാല്‍ ചവാനെന്ന ഈ സൈനികനെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരിക്കെയാണ് ഇന്ത്യ പാക്കിസ്ഥാനും ലോകത്തിനും മാതൃകയായിരിക്കുന്നത്. ബിഎസ്എഫിനും ഇന്ത്യന്‍ ജവാന്മാര്ക്കുമുള്ള അഭിനന്ദനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.