ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മേഖലയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. ഡ്രോൺ സാന്നിധ്യം കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട തെളിവുകളോ പരാതികളോ ഇന്ത്യ നല്‍കിയിട്ടില്ലെന്നും പാക് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തിൽ പാക് സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഡ്രോൺ കണ്ടയുടൻ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരാതി രേഖാമൂലവും, അല്ലാതെയും ഞായറാഴ്ച തന്നെ പാക്കിസ്ഥാന് കൈമാറിയിരുന്നെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം വേണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പാക്കിസ്ഥാൻ അന്വേഷിക്കുകയും ഇത്തരം സുരക്ഷാവീഴ്ചകൾ തടയുകയും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടസമുച്ചയത്തിൽ കഴിഞ്ഞയാഴ്ചയാണ് ഡ്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നയതന്ത്രകാര്യാലയ വളപ്പിലെ ഗുരുതര സുരക്ഷാവീഴ്ചയിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 27നു ജമ്മുവിലെ വ്യോമകേന്ദ്രത്തിനു നേരേ ഡ്രോൺ ആക്രമണങ്ങൾ നടന്നതിനു മുന്‍പേയാണ് ഇസ്ലാമാബാദിലെ സംഭവവികാസങ്ങൾ. ഹൈക്കമ്മീഷനിൽ ഒരു പരിപാടിക്കിടെയാണു ഡ്രോണിന്റെ സാന്നിധ്യം ഉണ്ടായതെന്നാണു റിപ്പോർട്ടുകൾ.