ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈബര്‍യുദ്ധം തുടരുന്നു.ഇത്തവണ ഐഐടി മദ്രാസിന്റെ വെബ്സൈറ്റാണ് ഹാക്കര്‍മാരുടെ ഇരയായത്. സൈറ്റില്‍ പാകിസ്ഥാന് അനുകൂല സന്ദേശങ്ങളും പോസ്റ്റു ചെയ്തിട്ടുണ്ട്. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയത പാകിസ്ഥാന്‍കാര്‍ക്ക് സിയാല്‍ക്കോട്ട് വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് മലയാളികള്‍ മറുപടി നല്‍കിയത്. പാക് സൈറ്റില്‍ മലയാള സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് മല്ലു സൈബര്‍ ഫോഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് കണക്കുതീര്‍ത്തത്. ഈ പാത തമിഴ്നാട്ടുകാര്‍ പിന്തുടരുമോയെന്നാണ് ഇനി കാണേണ്ടത്.
ഫൈസല്‍ 1337എക്സ് എന്ന പേരിലുള്ളയാളാണ് വെബ്സൈറ്റ് ഹാക്ക് ചെയതത്. ബാറ്റ്മാന് സിനിമയിലെ വില്ലന്‍ ജോക്കറിന്റെ ചിത്രമാണ് പേരിനു മുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടൊപ്പം നിങ്ങള്‍ക്ക് പാകിസ്ഥാന്റെ ശക്തിയറിയില്ല എന്നും എഴുതിയിരിക്കുന്നു.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം വിദ്യാര്‍ഥികളില്‍ നിന്നാണ് താനറിയുന്നതെന്ന് ഐഐടി മദ്രാസിന്റെ വക്താവ് വെങ്കട്ട് രാമന് പറഞ്ഞു. ചില പേജുകള്‍ മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നും ഈ പേജുകള്‍ ഒഴികെ സൈറ്റിലെ മറ്റു കാര്യങ്ങളെല്ലാം നന്നായി നടക്കുന്നുവെന്നും വെങ്കട്ട് രാമന് പറയുന്നു. ഉടന്‍ തന്നെ ഹാക്ക് ചെയ്ത പേജുകള്‍ റീസ്റ്റോര്‍ ചെയ്യുമെന്നും ഇദ്ദേഹം വ്യക്തമാക്കി.