വിമാനത്തിൽ ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന ലഗേജിന് തൂക്കം ഇത്രയേ പാടൂ എന്ന് ഓരോ എയർലൈൻ കന്പനികളും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാന്റെ ദേശീയ വിമാനക്കന്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തൂക്കം നിശ്ചയിച്ചിരിക്കുന്നതിപ്പോൾ തങ്ങളുടെ ജീവനക്കാർക്കാണ്.
പി.ഐ.എ എന്നറിയപ്പെടുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വെട്ടിലായിരിക്കുന്നത് തങ്ങളുടെ തടി കൂടിയ ജീവനക്കാരെക്കൊണ്ടാണ്. വണ്ണം കുറച്ച് സ്ലിം ആയി സ്മാർട്ടും ഫിറ്റും ആകാൻ പി.ഐ.ഐ തങ്ങളുടെ ഫാറ്റി സ്റ്റാഫിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. ആറു മാസത്തിനകം തടിയെല്ലാം കുറച്ചിരിക്കണമെന്നാണ് കർശന നിർദ്ദേശം. തടി കുറച്ചില്ലെങ്കിൽ വീട്ടിലിരിക്കാമെന്നാണ് ഭീഷണി.
പൊണ്ണത്തടിയുള്ള ജീവനക്കാരെക്കുറിച്ച് വിമാനയാത്രക്കാരിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടത്രെ. തടി കുറയ്ക്കാൻ നിർദ്ദേശിച്ചതോടൊപ്പം എങ്ങിനെ തടികുറയ്ക്കണമെന്നും മറ്റുമുള്ള ചാർട്ടും കൊടുത്തിട്ടുണ്ട്. ആറുമാസം സമയം കൊടുത്തിട്ടുണ്ടെങ്കിലും തടി കാരണം നിരീക്ഷണത്തിലുള്ളവർ ഓരോ മാസവും മെഡിക്കൽ റിപ്പോർട്ട് നൽകി ശരീരഭാരം അധികൃതരെ അറിയിക്കണം. 1800ഓളം തടിച്ച ജീവനക്കാർ കന്പനിയിലുണ്ടത്രെ.