സ്ത്രീവേഷത്തില്‍ പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ ഉറപ്പായി. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ച വധശിക്ഷയ്ക്കതിരെ പ്രതി അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തൂക്കുകയര്‍ ഉറപ്പാക്കികൊണ്ടു വിധി വന്നത്.
ഇയാള്‍ക്കെതിരെ കൊലപാതകം, പീഡനം തുടങ്ങിയവ ഉള്‍പ്പെടെ അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ചുമത്തിയ കുറ്റങ്ങളെല്ലാം അപ്പീല്‍ കോടതി ശരിവച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പ്രതി 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം. എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. അസാന്‍ മജീദ് എന്ന പതിനൊന്നുകാരനാണ് കൊല്ലപ്പെട്ടത്. വാദം നടക്കുമ്പോള്‍ പാക്ക് പൗരന്‍ കോടതിക്കു മുന്നില്‍ കുറ്റം നിഷേധിച്ചിരുന്നു. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു.
സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക്ക് പൗരന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. ഈ സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.