കാഷ്മീരിലെ മനുഷ്യാവകാശത്തെക്കുറിച്ച് വിലപിക്കുന്ന പാക്കിസ്ഥാന് സ്വന്തം നാട്ടില്‍ നിന്നു കനത്ത തിരിച്ചടി. ബലൂചിസ്ഥാന്‍ മേഖലയില്‍ പാക് സൈന്യം നടത്തുന്ന കൊടുംക്രൂരതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ബലൂച് യുവതി രംഗത്തുവന്നു. ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിന് ലൈംഗിക പീഡന സെല്ലുകളുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ബലൂച് യുവതിയുടെ വെളിപ്പെടുത്തല്‍. ബലൂചിസ്ഥാനിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷവേളയില്‍ പരാമര്‍ശിച്ചതിനു പിന്നാലെ അവിടെ പാക്കിസ്ഥാന് നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധിപേര്‍ തുറന്നുപറഞ്ഞിരുന്നു.
ബലൂചിസ്ഥാനിലെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനായി പാക് സൈന്യം ബോംബര്‍ വിമാനങ്ങളും ജെറ്റുകളും ടാങ്കുകളും ഉപയോഗിക്കുന്നു. ബലൂച് സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്ന റേപ് സെല്ലുകള്‍ പാക് സൈന്യത്തിന് പ്രദേശങ്ങളില്‍ ഉണ്ട്്. കുട്ടികളെ ഉള്‍പ്പെടെ സൈനികര്‍ അതിക്രമത്തിന് വിധേയമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഡേര ബുഗ്തി പ്രദേശത്ത് 50 സ്ത്രീകളെയും കുട്ടികളെയും പാക് സൈന്യം ബലമായി പിടിച്ചുകൊണ്ടു പോയിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. പുരുഷന്മാരെയും ബലമായി പിടിച്ചുകൊണ്ടു പോകാറുണ്ടെന്നും ഇവരുടെ മൃതദേഹം മാത്രമാണ് തിരികെ ലഭിക്കാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാക് സൈനികരുടെ ലൈംഗികദാഹം ശമിപ്പിക്കാന്വേണ്ടിയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സ്ത്രീകളെ ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പലവീടുകളിലും രാത്രി മുന്നറിയിപ്പില്ലാതെ സൈനികര്‍ എത്താറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാന് അന്താരാഷ്ട്രതലത്തില്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്.