ജമ്മു/ന്യൂഡൽഹി: അതിർത്തിയിൽ ബിഎസ്എഫ് ജവാനെ വെടിവച്ചുകൊന്ന പാക്കിസ്ഥാൻ സൈന്യം മൃതദേഹത്തിൽനിന്ന് ശിരസ് അറത്തുമാറ്റി. പട്രോളിംഗിനിടെ കാണാതായ നരേന്ദർ സിംഗിനെയാണു പാക് പട്ടാളം അതിക്രൂരമായി വധിച്ചത്.
അതിർത്തിയിലെ സുഗമമായ നിരീക്ഷണത്തിനായി പുല്ല് നീക്കം ചെയ്യുന്നതിനിടെ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘത്തിൽ നരേന്ദർ സിംഗും ഉണ്ടായിരുന്നു. പാക് സൈന്യം സംഘത്തിനുനേരെ വെടിയുതിർത്തതോടെ ബിഎസ്എഫ് സംഘം തിരിച്ചടിച്ചു. തന്ത്രപരമായി അതിർത്തിയിലെ വേലിക്കുള്ളിലേക്കു മാറുകയും ചെയ്തു.
ഒന്പതുമണിക്കൂറോളം നീണ്ട തെരച്ചലിനൊടുവിലാണു വികൃതമാക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറിയ നിലയിലാണ്. കഴുത്ത് വേർപെടാറായ നിലയിലും.
കൊലപാതകം അതീവഗൗരവത്തോടെയാണു കാണുന്നതെന്ന് വിദേശകാര്യമന്ത്രാലയവും ഡിജിഎംഒയും (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ) പറഞ്ഞു.