റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയിനില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്ക് വിദ്യാര്‍ഥിനി.
അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാര്‍ഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പടിഞ്ഞാറന്‍ യുക്രെയ്നില്‍ നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്മ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്ന് ഒഴിപ്പിക്കല്‍ ദൗത്യമായ ‘ഓപ്പറേഷന് ഗംഗ’ യുടെ ഭാഗമായി ബംഗ്ലദേശില്‍ നിന്നുള്ള ഒമ്പത് വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി രേഖപ്പെടുത്തി.
പാക്കിസ്ഥാന്, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.
യുക്രെയ്നില്‍ നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന് ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ഇന്ത്യന്‍ ഇടപെടലാണ് രക്ഷയായതെന്നും യുക്രെയ്നില്‍ നിന്നു മടങ്ങിയെത്തിയ പാക്കിസ്ഥാന് വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
യുക്രെയ്നിലെ നാഷനല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ മിഷ അര്ഷാദിന്റെതായിരുന്നു വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ എംബസി ഒരുക്കിയിരുന്ന ബസില്‍ കയറാന്‍ അനുവദിച്ചെന്നും അങ്ങനെയാണ് ടെര്‍നോപില്‍ നഗരത്തിലെത്തിയതെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു.
നേപ്പാള്‍, തുനീസിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെയും ഇന്ത്യന്‍ എംബസി യുക്രെയ്നില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു.
യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലര്ത്തിയതുകൊണ്ടാണു കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്ന് ഒഴിപ്പിക്കല്‍ ദൗത്യമായ ‘ഓപ്പറേഷന് ഗംഗ’ വിജയം കണ്ടത്.
വെടിനിര്‍ത്തി വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം യുക്രെയ്ന് പ്രസിഡന്റ് സെലെന്‍സ്കിയുമായും റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായും ചര്‍ച്ച നടത്തിയിരുന്നു.