പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയില്‍ പാക്കിസ്ഥാന് താലിബാന്( തെഹ്രീക് ഇ താലിബാന്) കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍ ഭീകരസംഘടന പിടിച്ചടക്കിയതായും വിവരമുണ്ട്.
ചിത്രാല്‍ ജില്ലയില്‍ ആക്രമണം നടത്തിയതായും അതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതായും നിഷ്പക്ഷ വാര്‍ത്താ പ്ലാറ്റ്ഫോമായ ഖൊറാസാന്‍ ഡയറിയോട് ടിടിഇ കമാന്‍ഡര്‍ വെളിപ്പെടുത്തി.
പാക് സൈന്യവും ഭീകരരും തമ്മില്‍ ഡ്യൂറന്റ് ലൈനില്‍ വച്ച് ഏറ്റുമുട്ടല്‍ നടന്നതായുള്ള പോസ്റ്റുകള്‍ എക്സ് പ്ലാറ്റ്ഫോമിലും വന്നിട്ടുണ്ട്.
പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടതായും എക്സില്‍ വന്ന പോസ്റ്റുകളില്‍ പറയുന്നു.
ജനങ്ങളോട് ശാന്തരായിരിക്കാന്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ പോരാട്ടം അവര്ക്കെതിരേയല്ലെന്നും അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന സുരക്ഷാസേനകള്ക്കെതിരേയാണെന്നും പാക് താലിബാന് വക്താവ് മുഹമ്മദ് ഖുറസാനി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.
എന്നാല്‍ ടിടിപി ഖൊറാസാന്‍ ഡയറിയോടു വെളിപ്പെടുത്തിയ കാര്യങ്ങള്‍ മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന് പാടെ നിഷേധിക്കുകയാണുണ്ടായത്. ഒരു സ്ഥലവും ഒരു തീവ്രവാദ ഗ്രൂപ്പുകളും കയ്യേറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നവംബറിലാണ് പാക്കിസ്ഥാന് സൈന്യത്തിനെതിരേ ടിടിബി യുദ്ധ പ്രഖ്യാപനം നടത്തിയത്. പാക്കിസ്ഥാന് സൈന്യത്തെ തുരത്തിയ ശേഷം ശരിയാ നിയമം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാക് താലിബാന് നേതാക്കള്‍ മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു.