ഇന്ത്യയില്‍ എത്തുന്ന ഭീകരരുടെ കൈയ്യിലുള്ളത് അത്യാധുനീക സാങ്കേതികവിദ്യകള്‍. മൊബൈല്‍ ആപ്, സിം കാര്‍ഡ് ആവശ്യമില്ലാത്ത മൊബൈല്‍ ഫോണ്‍. ടവറിന്റെ സഹായമില്ലാതെ ഫോണ്‍വിളികള്‍ എന്നിവയെല്ലാം ഭീകരര്‍ ഉപയോഗപ്പെടുത്തി. ഇതിനാലാണ് ഭീകരരുടെ നീക്കം പെട്ടെന്ന് കണ്ടെത്താനാകാതെ പോയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഇന്ത്യയിലേക്കു കടക്കാന്‍ ഭീകരര്‍ ഉപയോഗിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നു തന്നെ ലഭിച്ച സാങ്കേതികവിദ്യകളാണ്. വൈഎസ്എംഎസ് എന്ന ആപ്പാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. ഡാര്‍ക്ക് വെബില്‍ മാത്രമാണ് ഈ ആപ് ലഭ്യമായിട്ടുള്ളത്.
മുമ്പത്തെ അപേക്ഷിച്ച് സാങ്കേതികവിദ്യയില്‍ മികച്ച പരിജ്ഞാനമുള്ളവരാണ് ഇപ്പോഴത്തെ ഭീകരരെന്നത് രഹസ്യാന്വേഷണ ഏജന്‍സികളെ വലയ്ക്കുകയാണ്. ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി നുഴഞ്ഞുകയറ്റത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതാണു വെല്ലുവിളി. വിവരസാങ്കേതിക ഉപകരണങ്ങളുമായി അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നേരിടാന്‍ പുതിയ വഴികള്‍ തിരയുകയാണ് സൈന്യത്തിന്റെ സാങ്കേതികവിഭാഗം.
രണ്ടര വര്‍ഷം മുന്‍പ് റാഫിയാബാദ് പ്രദേശത്തു നിന്നു പിടികൂടിയ സജ്ജാദ് അഹമ്മദ് എന്ന പാക്ക് ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ സാങ്കേതികവിദ്യയെക്കുറിച്ചു ആദ്യം അറിയുന്നത്. ഒരു സ്മാര്‍ട്ട് ഫോണ്‍ സെറ്റും റേഡിയോയും മാത്രമാണ് ഈ വിവര വിനിമയവിദ്യയ്ക്കു വേണ്ടത്. മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് ആവശ്യമില്ല. അതുകൊണ്ടു തന്നെ പോകുന്ന വഴികളില്‍ മൊബൈല്‍ ടവറുകളോ നെറ്റ്വര്‍ക്ക് കവറേജോ വേണ്ട. സ്മാര്‍ട്ട്‌ഫോണ്‍ സെറ്റില്‍ നിന്നുള്ള സന്ദേശം വിഎച്ച്എഫ് (വെരിഹൈഫ്രീക്വന്‍സി) തരംഗങ്ങളാക്കി റേഡിയോ വഴി മറ്റു ഭീകരര്‍ക്ക് എത്തിക്കാന്‍ കഴിയും.
മൊബൈല്‍ തരംഗങ്ങള്‍ വിലക്കിയിട്ടുള്ള അതിര്‍ത്തിയിലെ നിയന്ത്രണരേഖ കടക്കുമ്പോഴും ഇന്ത്യയ്ക്കകത്ത് എത്തിയാലും ആരുടെയും പിടിയില്‍ പെടാതെ ഭീകരര്‍ക്കു സന്ദേശങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയുന്നത് ഈ പുതിയ സാങ്കേതികവിദ്യയിലൂടെയാണെന്നു ഭീകരന്‍ സജ്ജാദ് അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. വൈഎസ്എംഎസ് സംവിധാനം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളിലും മലയിടുക്കുകളിലുമൊക്കെ ഈ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് വസ്തുത.
പിടികൂടുന്ന ഭീകരരില്‍ പലരുടെയും കൈവശം സിം കാര്‍ഡ് ഇല്ലാത്ത സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്ന കാര്യം പട്ടാളം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്ന് കാഷ്്്മീരിലെത്തി സിം കാര്‍ഡ് വാങ്ങി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണ് ഇവരുടെ രീതി എന്നായിരുന്നു സൈന്യത്തിന്റെ ധാരണ. അതുകൊണ്ടുതന്നെ സിം കാര്‍ഡുകളില്‍ നിന്നുള്ള തരംഗങ്ങളും മൊബൈല്‍ ടവറുകളും മറ്റും നിരീക്ഷിച്ചു ഭീകരരെ പിടികൂടാനായിരുന്നു സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളും. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനും ആശയവിനിമയം നടത്താനും ഭീകരര്‍ക്കു പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞു.
ന്യൂയോര്‍ക്കില്‍ 2012 ഒക്ടോബറില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ ആശയവിനിമയ സംവിധാനങ്ങള്‍ പാടേ തകര്‍ന്ന നാളുകളിലാണു സിം കാര്‍ഡും ടവറുമില്ലാത്ത മൊബൈല്‍ ഫോണുകള്‍ ആദ്യമായി ഉണ്ടാക്കുന്നത്. എന്നാല്‍ ഭീകരര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ മിക്കതും യുഎസ് നിര്‍മിതമല്ല. പാക്കിസ്ഥാനിലും ചൈനയിലും മറ്റും നിര്‍മിച്ച സ്മാര്‍ട് ഫോണുകളാണ് ഭീകരരില്‍ നിന്നു പിടിച്ചെടുത്തിരുന്നത്.
ഭീകരരില്‍ നിന്നു പിടിച്ചെടുത്ത സ്മാര്‍ട്ട് ഫോണ്‍ പാക്കിസ്ഥാനിലോ ചൈനയിലോ നിര്‍മിച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. സ്വന്തം വിവരസാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കാര്യത്തില്‍ ഭീകരസംഘടനകള്‍ ഏറെ ശ്രദ്ധിക്കുന്നവരാണ്.
അല്‍ഖായിദയിലേക്കു പുതിയ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കുന്നതു വിവരസാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്കാണ്. ലഷ്‌കറെ തയിബ വൈഎസ്എംഎസ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നു സജ്ജാദ് അഹമ്മദ് എന്ന ഭീകരര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭീകരപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പകുതിയിലേറെ പേരും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദഗ്ധരാണെന്നു കാഷ്മീര്‍ പൊലീസ് പറയുന്നു.