കോട്ടയം: വിശപ്പ് രഹിത കോട്ടയം എന്ന ലക്ഷ്യം മുൻനിർത്തി റെഡ് ക്രോസ് ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം 250 ദിവസം പിന്നിട്ടു. വയസ്കരകുന്നിലെ പകൽ വീട്ടിൽ ദിവസേന 80 പേരാണ് ഉച്ചയൂണിന് എത്തുന്നത്. ചിലപ്പോഴത് 90 പേരാകും.
നഗരത്തിൽ വിശന്നിരിക്കുന്നവരും വയസ്കര ആയുർവേദ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമൊക്കെയാണ് പകൽവീട്ടിലെ ഉച്ചയൂണ് തേടി വരുന്നവർ. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രണ്ടുമണിവരെ തുടരും.
2018 സെപ്റ്റംബർ 29ന് മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എത്ര പേർ വന്നാലും അവർക്ക് കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാകുമെന്നും ആർക്കെങ്കിലും സ്പോണ്സർ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് റെഡ്ക്രോസ് ജില്ലാ വൈസ് ചെയർമാൻ ജോബി തോമസ് അറിയിച്ചു.
വൃദ്ധ ജനങ്ങൾക്ക് പകൽ സമയം ചെലവഴിക്കാനായും അവരുടെ ഒരു കൂട്ടായ്മയ്ക്കുമായി നഗരസഭയാണ് പകൽവീട് പദ്ധതിക്ക് തുടക്കമിട്ടത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ വൃദ്ധജനങ്ങൾക്ക് ഇവിടെ വിശ്രമിക്കാം. അവർക്കും ഉച്ചയൂണും വൈകുന്നേരം കാപ്പിയും ലഭിക്കും.