ചക്കിട്ടപാറ: പ്രവർത്തനം തുടങ്ങാനാകാതെ നോക്കുകുത്തിയായ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പകൽ വീടിനു യൂത്തുകോൺഗ്രസ് പ്രവർത്തകർ റീത്തു വച്ചു. ഒരു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തി വയോജനങ്ങൾക്കു കൈമാറിയെങ്കിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞവർഷം ജൂൺ പതിനഞ്ചിനാണു പഞ്ചായത്ത് പ്രസിഡന്റ് ഷീജ പകൽ വീട് ഉദ്ഘാടനം ചെയ്തത്. താക്കോൽ വയോജന സമിതിക്കു കൈമാറുകയും ചെയ്തു. വയോജനങ്ങളുടെ ഉന്നമനത്തിനാണെന്നു കൊട്ടിഘോഷിച്ചാണു നിർമിച്ചതെങ്കിലും വെള്ളം, വൈദ്യുതി ഫർണിച്ചർ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെയായിരുന്നു കൈമാറ്റം.
ഇപ്പോൾ അകവും പുറവും ഒരു പോലെ പൊടി നിറഞ്ഞു കിടക്കു കയാണ്. വയോജനങ്ങളെ കബളിപ്പിച്ച നടപടിയിൽ പ്രതിഷേധിക്കുന്നതിനാണു റീത്തു വച്ചതെന്നു പരിപാടി ഉദ്ഘാടനം ചെയ്ത യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് പറഞ്ഞു. ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു.
ഗിരീഷ് കോമച്ചം കണ്ടി, ലിൻസ് ലൂക്കോസ്, മുഹമ്മദ് ഷെരീഫ്, ലിപിൻ പീറ്റർ, ജിതിൻ മുതുകാട് എന്നിവർ നേതൃത്വം നൽകി.