ജിതേഷ് ചെറുവള്ളിൽ
മറയൂർ: മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരകളിൽ എത്തി. അന്യംനിന്നുപോകുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമായി നീലഗിരി മലനിരകൾ മാറുകയാണ്. ബെർഗിൻ ഫാൽക്കൻ കുടുംബത്തിൽപ്പെട്ട ഷാഹിൻ ഫാൽക്കണിന്റെ എണ്ണം നീലഗിരി മലനിരകളിൽ വർധിച്ചുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ പാരന്പര്യ ദേശീയ പക്ഷിയാണ് ഷാഹിൻ ഫാൽക്കൻ. ലോകത്ത് ഏറ്റവും വേഗത്തിൽ പറക്കുന്നവയാണിതെന്നു ഷാഹിൻ ഫാൽക്കനെക്കുറിച്ച് പഠനം നടത്തുന്ന, ഇവയുടെ അപൂർവ ചിത്രങ്ങൾ എടുത്ത, സന്താന രാമൻ പറഞ്ഞു.
തമിഴ്നാട്ടിലെ വിഴിപ്പുറത്തു ചെന്നികോട്ടയിൽ ഒരുതവണയും പഴവേർക്കാട്ടിൽ ഒരു തവണയും ഈ പക്ഷിയെ കണ്ടിട്ടുള്ളതായി രേഖകൾ ഉണ്ട്. വിന്റർ വിസിറ്റർ എന്നും ഇവയെ വിളിക്കാറുണ്ട്. തണുപ്പുകാലത്തു വാസസ്ഥലം മാറുന്ന പക്ഷിയാണിത്.
നീലഗിരിയിൽ 2013 മുതൽ 2017 വരെ നടത്തിയ പഠനത്തിൽ ഇവയുടെ എട്ടു കൂടുകൾ കണ്ടെത്തി. ഇവിടെ 25 മുതൽ 30 വരെ പക്ഷികൾ ഉള്ളതായും കണ്ടെത്തി. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞ കൊക്കകൾ, മലഞ്ചെരിവുകൾ, പാറക്കെട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവകളെ കാണുന്നത്.
ഷഹിൻ ഫാൽക്കനെ സംരക്ഷിക്കുക എന്നത് ഏറെ കഠിനമാണെങ്കിലും വിവിധ തുറകളിലുള്ളവർ സഹകരിച്ചു പ്രവർത്തിച്ചാൽ സംരക്ഷിക്കാൻ കഴിയുമെന്നു സന്താനം രാമൻ പറഞ്ഞു.