കാബൂൾ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യാപാര, ഗതാഗത മാര്‍ഗമാണ് ടോര്‍ഖാം അതിര്‍ത്തി.
പതിറ്റാണ്ടുകളായി പാക്കിസ്ഥാനിലേക്കുള്ള അഭയാർഥി പ്രവാഹത്തിന്റെ പ്രധാന കവാടമാണ് ടോർഖാം.
കുറച്ച് നാൾ മുമ്പ് വരെ ടോര്‍ഖാം അതിര്‍ത്തിയിലൂടെ 6,000-7,000 ആളുകൾ പാക്കിസ്ഥാനിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നൂറിൽ താഴെ ആളുകൾ മാത്രമാണ് അതിർത്തിയിലൂടെ അപ്പുറത്തേക്ക് കടക്കുന്നത്.
അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് ശേഷമുള്ള മാറ്റങ്ങൾ പ്രകടമാണിവിടെ. അഫ്ഗാനിസ്ഥാൻ റിപ്പബ്ലിക്കിന്റെ ത്രിവർണ പതാകയ്ക്ക് പകരം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ വെളുത്ത പതാക സ്ഥാപിച്ചു.
അഫ്ഗാൻ അതിർത്തി സുരക്ഷാ സേനയുടെ സ്ഥാനത്ത് തോക്കേന്തിയ താലിബാൻ ഭീകരരാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതിർത്തിയുടെ നിയന്ത്രണം താലിബാൻ പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്.
താലിബാൻ അധികാരം പിടിച്ചടക്കിയതോടെ അതിർത്തിയുടെ ഒരുഭാഗം പാക്കിസ്ഥാൻ അടച്ചിരുന്നു. എന്നാൽ വ്യാപാര ആവശ്യങ്ങൾക്കായി വീണ്ടും തുറന്നിരിക്കുകയാണ്.
എന്നാൽ ഇന്ന് അമ്പതോളം ആളുകൾ പോലും അതിർത്തി കടന്ന് പാക്കിസ്ഥാനിൽ പോകുന്നില്ല.
അഫ്ഗാനിലെ സാധാരണക്കാരുടെ വേഷത്തിൽ ഭീകരർ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കിയതിന് മൂലമാണ് അധികം പേരെ കടത്തിവിടാത്തതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
വ്യാപാരികൾക്കോ സാധുതയുള്ള യാത്രാ രേഖകളുള്ളവർക്കോ മാത്രമേ അതിർത്തി കടക്കാൻ താലിബാൻ അനുവാദം നൽകുന്നുള്ളൂ.
സർക്കാർ അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയാത്തവിധം അഫ്ഗാൻ അഭയാർഥികൾക്ക് മുമ്പിൽ പാക്കിസ്ഥാനും വേലിക്കെട്ട് തീർത്തിരിക്കുകയാണ്.
അതിർത്തി കടന്ന് രക്ഷപെടാനുള്ള അഫ്ഗാൻ അഭയാർഥികളുടെ നീക്കങ്ങൾ തിരിച്ചടിയാണിത്.
ഭീതിയിൽ രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കുമുമ്പിൽ ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്.
അഞ്ചുവർഷത്തെ പുനരധിവാസപദ്ധതിപ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ പറഞ്ഞു.
അഭയാർഥിപദ്ധതിയിൽ സ്ത്രീകൾ, കുട്ടികൾ, മതന്യൂനപക്ഷങ്ങൾ എന്നിവർക്ക് മുൻഗണന നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചു.
അഭയാർഥിപ്രവാഹം കണക്കിലെടുത്ത് തുർക്കി, ഇറാൻ അതിർത്തിയിൽ പട്രോളിംഗ് കർശനമാക്കിയിരിക്കുകയാണ്. കൂടുതൽ സൈനികരെ അതിർത്തിയിലേക്കയച്ചു.