കറാച്ചി: ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിനായി നിർമിച്ച പരസ്യ ചിത്രം വിവാദമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് മുന്പ് ടെലിവിഷൻ പരസ്യങ്ങൾ പരിഹാസ ചുവയോടെ പുറത്തിറങ്ങാറുണ്ടെങ്കിലും പാക്കിസ്ഥാനിൽ ജാസ് ടിവി ഇറക്കിയത് അതിരു കടന്നതായാണ് വിമർശനം.
സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ് ഈ പരസ്യം. കാരണം, ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച പാക് പോർവിമാനത്തെ തുരത്തുന്നതിനിടെ പാക് പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ചാണ് പരസ്യം.
അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിൽ ചായ കുടിച്ചായിരുന്നു ചോദ്യങ്ങൾക്ക് അഭിനന്ദൻ ഉത്തരം നൽകിയത്. ഇതിന്റെ അനുകരണമാണ് പാക് ടിവിയിൽ പ്രത്യക്ഷപ്പെട്ട പരസ്യം. അഭിനന്ദനെപ്പോലെ മീശയുള്ള ഒരാളാണ് പരസ്യത്തിലുള്ളത്.
ഇയാളോട് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ഇന്ത്യൻ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല’ എന്നാണ് ഇയാൾ മറുപടി നൽകുന്നത്. പാക്കിസ്ഥാൻ സൈന്യം ചോദ്യം ചെയ്തപ്പോൾ അഭിനന്ദന്റെ പ്രതികരണവും അതായിരുന്നു.
പരസ്യത്തിന്റെ അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിനു കൊള്ളാം എന്നു പറഞ്ഞ്, രക്ഷപ്പെട്ട ആശ്വാസത്തിൽ പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന ഇയാളെ തടഞ്ഞുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നതാണ്. കപ്പ് (ലോകകപ്പ്) തിരികെ കൊണ്ടുവരാം എന്ന വാക്യത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.