ഇസ്ലാമാബാദ്: രാജ്യം വിട്ടുപോകണമെന്ന അന്ത്യശാസനത്തെത്തുടർന്ന് പാക്കിസ്ഥാനിൽനിന്ന് അഫ്ഗാൻ അഭയാർഥികളുടെ കൂട്ടപ്പലായനം. രാജ്യം വിട്ടുപോകാനുള്ള സമയം ഇന്നവസാനിക്കാനിരിക്കെയാണ് അഫ്ഗാൻ പൗരന്മാരുടെ കൂട്ടപ്പലായനം. അഭയാര്‍ഥികളായി പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കഴിയുന്ന 17 ലക്ഷത്തോളം അഫ്ഗാന് പൗരന്മാരാണ് നാടുവിടുന്നത്.
2021ല്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളാണ് ഇവരിലേറെയും. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാനികളുമുണ്ട്.
മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് ഇപ്പോള്‍ ഇവരോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനെ ഇത്തരത്തിലൊരു നീക്കത്തിലേക്കെത്തിച്ചിരിക്കുന്നത് എന്നാണ് വിവരം.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഭീകരവാദികള്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ വാദം.