ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ പറക്കുന്നത് തടഞ്ഞ നടപടി ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും.
വിമാനങ്ങൾ റൂട്ട് മാറി സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ യാത്രാ ദൈർഘ്യം കൂടുമെന്നും സമയത്തിൽ മാറ്റം വരുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനുമായി ബന്ധപ്പെട്ടു പരിശോധിക്കണമെന്നും ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയുടെ അറിയിപ്പിൽ പറയുന്നു.
പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നത് തടയുന്ന തീരുമാനമുണ്ടായത്. ഷിംല കരാറിൽനിന്ന് തൽകാലം പിൻമാറുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്.
സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യയിലുള്ള പാക് പൗരൻമാരോട് 29നകം മടങ്ങാനും ഇന്ത്യ കൈക്കൊണ്ട നടപടികൾ പാക്കിസ്ഥാനെ അന്പരപ്പിച്ചിരുന്നു.