ഇസ് ലമാബാദ്: ബലൂചിസ്ഥാനിൽ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ വ്യോമത്താവളത്തിനുനേരേ ആക്രമണം. ബലൂചിസ്ഥാനിലെ ടർബത്തിൽ സ്ഥിതി ചെയ്യുന്ന പിഎൻഎസ് സിദ്ദിഖി നേവൽ എയർ സ്റ്റേഷനിലാണ് സായുധ പോരാളികൾ ആക്രമണം നടത്തിയത്.
സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ-ലിബറേഷൻ-ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ബിഎൽഎ മജീദ് ബ്രിഗേഡിന്റെ ഈ ആഴ്ചയിലെ രണ്ടാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും ആക്രമണമാണ് ടർബത്തിൽ നടന്നത്. ജനുവരി 29ന് ഗ്വാദറിലെ മിലിട്ടറി ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ചിരുന്നു.
മാർച്ച് 20ന് ബലൂച് പോരാളികൾ വീണ്ടും ആക്രമണം നടത്തി. ഗ്വാദർ പോർട്ട് അഥോറിറ്റി കോംപ്ലക്സിൽ നടന്ന വെടിവയ്പിൽ രണ്ടു സൈനികർ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനയുടെ നിക്ഷേപത്തെ മജീദ് ബ്രിഗേഡ് എതിർത്തു വരികയാണ്. ചൈനയും പാക്കിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതായി ആരോപിക്കുകയും ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണ പരന്പരകൾ.