ദുബായ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ഐസിസിയുടെ മറുപടി. സുരക്ഷയുമായി ബന്ധപ്പെട്ട് ബിസിസിഐ അയച്ച കത്തിനാണ് ഐസിസി മറുപടി നല്‍കിയിരിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് ഐസിസി ചെയര്മാൻ അയച്ചിരിക്കുന്ന കത്തിൽ പറഞ്ഞിരിക്കുന്നത്.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച കത്ത് ലഭിച്ചെന്നും ലോകകപ്പില്‍ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാര്‍ച്ച് രണ്ടിന് ദുബായില്‍ ചേരുന്ന ഐസിസിയുടെ ബോര്‍ഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും തീരുമാനം ബിസിസിഐയെ അറിയിക്കുമെന്നുമാണ് ഐസിസി ചെയര്മാന് ശശാങ്ക് മനോഹറിന്റെ മറുപടി.
സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസമെന്ന് പറഞ്ഞ ചെയര്മാന് സുരക്ഷാ ആശങ്കകള്‍ പങ്കുവച്ചുകൊണ്ടുള്ള ബിസിസിഐയുടെ കത്ത് ബോര്‍ഡ് മീറ്റിംഗില്‍ പ്രത്യേകം ചർച്ച ചെയ്യുമെന്നും കത്തിൽ ബിസിസിഐയെ അറിയിച്ചു.
കഴിഞ്ഞദിവസം മുംബൈയില്‍ യോഗം ചേര്‍ന്നതിനു പിന്നാലെയായിരുന്നു സുരക്ഷ സംബന്ധിച്ച ആശങ്ക ബിസിസിഐ ഐസിസിയെ അറിയിച്ചത്. എന്നാല്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമോ എന്നത് സംബന്ധിച്ച വിഷയങ്ങളൊന്നും സമിതി ഐസിസിക്ക് മുന്നില്‍ വെച്ചിട്ടില്ല. ഈ തീരുമാനം സര്‍ക്കാരിനു വിടുമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്.