20 വര്‍ഷത്തിനിടെ ഇതു രണ്ടാംതവണ മാത്രമാണ് ഇന്ത്യയുടെ ഒരു സൈനികന് പാക് പട്ടാളത്തിന്റെ പിടിയിലാകുന്നത്. 199ല്‍ കാഷ്മീര്‍ യുദ്ധത്തില്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് നചികേതയാണ് ഇതിനുമുമ്പ് പാക്കിസ്ഥാന്റെ പിടിയിലായത്. അന്ന് പുറമേ നചികേതയോട് മാന്യമായി പെരുമാറിയെന്ന് പറഞ്ഞ പാക് സൈന്യം അദേഹത്തെ തടവില്‍വച്ച എട്ടുദിവസം കൊല്ലാക്കൊല ചെയ്യുകയായിരുന്നു.
കാര്‍ഗില്‍ യുദ്ധം പാരമ്യത്തില്‍ എത്തിയ സമയം പാകിസ്താന് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ നചികേത. ശത്രുപാളയത്തിലെ ലക്ഷ്യത്തിലേക്ക് കുതിക്കവെ എന്ജിന് തീപിടിച്ചതിനെത്തുടര്‍ന്ന് കോക്ക്പിറ്റില്‍ നിന്ന് ഇജക്ട് ചെയ്ത് പാരച്യൂട്ട് പ്രവര്‍ത്തന സജ്ജമാക്കി കത്തുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇറങ്ങിയത് പാക് അധീന പ്രദേശത്തിലായിരുന്നു.
പാകിസ്താന് കസ്റ്റഡിയിലിരിക്കെ കൊടിയ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് പിന്നീട് മോചിതനായി ഇന്ത്യയിലെത്തിയ നചികേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണമാണ് സുഖകരം എന്ന് തോന്നിയ നിമിഷങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും കൊടിയ പീഡനമായിരുന്നെന്നും 2016ല്‍ നല്കിയ അഭിമുഖത്തിലും നചികേത പറഞ്ഞിരുന്നു. മര്‍ദനത്തില്‍ ശരീരത്തിനേറ്റ ക്ഷതത്തില്‍ നിന്ന് 2003 ലാണ് അദ്ദേഹം പൂര്‍ണമായും മോചിതനായി വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് നചികേത.
പാക് സൈന്യത്തിന്റെ പിടിയിലായ പൈലറ്റിനെ മോചിപ്പിക്കാനായി നയതന്ത്രനീക്കം നടത്താനുളള ചുമതല ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ജി പാര്‍ത്ഥസാരഥിക്കായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് 1999 ല്‍ നടത്തിയ നയതന്ത്ര നീക്കത്തെ കുറിച്ച് പാര്‍ത്ഥസാരഥി തുറന്നു പറഞ്ഞത്.
പിടിയിലാകുന്ന സൈനികരെ അപമാനിക്കുകയെന്നത് പാക്കിസ്ഥാന്റെ രീതിയാണ്. നിങ്ങളുടെ പൈലറ്റിനെ പിടികൂടിയിട്ടുണ്ടെന്നും വേഗം ഇവിടെയെത്തി കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് എനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചു. പൈലറ്റിന്റെ മോചനം പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ആ ഫോണ്‍ കോളിന്റെ കാതല്‍. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പരിഹസിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ഫോണ്‍ ചെയ്ത ആളോട് താന്‍ വ്യക്തമാക്കിയെന്നും പാര്‍ത്ഥസാരഥി പറയുന്നു.
തന്റെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു. ജനീവ ഉടമ്പടി അനുസരിച്ച് യുദ്ധ സമയത്ത് പാലിക്കേണ്ട മനുഷ്യത്വപരമായ നടപടികളെക്കുറിച്ച് ഞാന്‍ അവരെ ഓര്‍മ്മിപ്പിപ്പിച്ചു.അന്ന് വൈകീട്ട് തന്നെ പൈലറ്റിനെ അവര്‍ ഇന്ത്യയ്ക്ക് കൈമാറി. പിറ്റേന്നു രാവിലെ വാഗാ അതിര്‍ത്തി വഴിയാണ് പൈലറ്റുമായി താന്‍ ഇന്ത്യയിലെത്തിയതെന്നും പാര്‍ത്ഥസാരഥി പറഞ്ഞു. ഇപ്പോള്‍ അഭിനന്ദന്റെ കാര്യത്തിലും ഇതുതന്നെയാണ് ഉള്ളറയില്‍ നടക്കുന്നതെന്ന് വ്യക്തം.