തൃപ്പൂണിത്തുറ: പാക്കിസ്ഥാന്റെ പതാക മുദ്രണം ചെയ്ത ബലൂൺ വില്പന നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മകന്റെ പിറന്നാളാഘോഷത്തിനായി എരൂർ ചേലക്കവഴിയിലുള്ള ഒരു കടയിൽ നിന്നും തിങ്കളാഴ്ച്ച രാത്രി എരൂർ കുറുപ്പൻ പറമ്പിൽ ഗിരീഷ് കുമാർ
വാങ്ങിയ ബലൂൺ പാക്കറ്റുകളിൽ ഒരു പാക്കറ്റിലെ ബലൂണിലാണ് പാക്കിസ്ഥാൻ പതാകയും “ഐ ലൗവ് പാക്കിസ്ഥാൻ’എന്ന് ഇംഗ്ലീഷിൽ മുദ്രണം ചെയ്തതായും കണ്ടത്.
ഗിരീഷ് കുമാറിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് കട അടച്ചു. പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണുകളിൽ വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു “ഐ ലവ് പാക്കിസ്ഥാൻ ‘ എന്ന് പ്രിന്റ് ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.
പ്ലാസ്റ്റിക് കവറിൽ വിറ്റ വ്യത്യസ്ത നിറങ്ങളിലും പ്രിന്റിംഗിലുമുള്ള ബലൂണുകളിൽ ഒന്നായിരുന്നു പാക്കിസ്ഥാന്റെ പതാകയുള്ള ബലൂൺ.
റഷ്യൻ ഭാഷയിൽ ഹാപ്പി ബർത്ത് ഡേ എന്ന് എഴുതിയ ബലൂണുകളും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് ഹിൽപാലസ് പോലീസ് പറഞ്ഞു.
എറണാകുളം ബ്രോഡ് വേയിൽ നിന്നും വില്പനയ്ക്കായി കച്ചവടക്കാരൻ വാങ്ങിയ ബലൂണുകളിൽ നിർമാതാവിന്റെ വിവരങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.