സാമ്പത്തിക പ്രതിസന്ധികളില് നട്ടം തിരിയുന്ന പാക്കിസ്ഥാനെ ആഗോളതലത്തില് കൂടുതല് നാണക്കെടുത്തുന്ന ഒരു വാര്ത്ത കൂടി ഇപ്പോള് പുറത്തു വരികയാണ്.
പിടിഐ പുറത്തു വിട്ട റിപ്പോര്ട്ടനുസരിച്ച് രാജ്യാന്തര നാണയനിധി(ഐഎംഎഫ്)യില് നിന്ന് ഏറ്റവുമധികം പണം കടമെടുത്ത നാലാമത്തെ രാജ്യമായി പാക്കിസ്ഥാന് മാറിയിരിക്കുകയാണ്.
വരുന്ന ഒമ്പതു മാസങ്ങള്ക്കിടയില് ഐഎംഎഫില് നിന്ന് മൂന്ന് ബില്യണ് യുഎസ്ഡോളര് കൂടി പാക്കിസ്ഥാന് കടമെടുക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന് ഈ തുക നല്കുന്ന കാര്യം ഐഎംഎഫ് ബോര്ഡിന്റെ പരിഗണനയിലാണ്.
ഈ വര്ഷം മാര്ച്ച് 31ലെ കണക്കനുസരിച്ച് ഐഎംഎഫിന്റെ കടക്കാരില് അഞ്ചാം സ്ഥാനമായിരുന്നു പാക്കിസ്ഥാന്. എന്നാല് ഇപ്പോള് കടമെടുക്കാനിരിക്കുന്ന മൂന്ന് ബില്യണ് ഡോളര് പാക്കിസ്ഥാനെ നാലാം സ്ഥാനത്തേക്കുയര്ത്തും.
46 ബില്യണ് ഡോളര് കടമുള്ള അര്ജന്റീനയാണ് നിലവില് ഒന്നാം സ്ഥാനത്ത്. 18 ബില്യണ് ഡോളറുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും യുദ്ധം തകര്ത്ത യുക്രൈന് 12.2 ബില്യണ് ഡോളറുമായി മൂന്നാമതും ഉണ്ട്.
പുതിയ ലോണ് ലഭിക്കുന്നതോടെ ഐഎംഎഫിലുള്ള പാക്കിസ്ഥാന്റെ മൊത്തം കടം 10.4 ബില്യണ് ഡോളറായി വര്ധിക്കും. അതോടെയാണ് നിലവില് നാലാംസ്ഥാനത്തുള്ള ഇക്വഡോറിനെ പിന്തള്ളി പാക്കിസ്ഥാന് ആ സ്ഥാനത്തെത്തുക.
യുക്രൈന് യുദ്ധവും ആഭ്യന്തര വിഷയങ്ങളുമാണ് പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചത്.
വിവിധ രാജ്യങ്ങള്ക്കായി ഐഎംഎഫ് കടം നല്കിയ 155 ബില്യണ് ഡോളറിന്റെ 71.7 ശതമാനവും കൂടുതല് കടംവാങ്ങിയ പത്തു രാജ്യങ്ങള്ക്കാണ് നല്കിയിരിക്കുന്നത്.
ഏഷ്യന് മേഖലയിലെ ഒന്നാം സ്ഥാനം ഏറെ നാളായി പാക്കിസ്ഥാന് നിലനിര്ത്തിക്കൊണ്ടു പോവുകയാണ്. ഏഷ്യന് മേഖലയില് ശ്രീലങ്ക, നേപ്പാള്, ഉസ്ബക്കിസ്ഥാന്, കിര്ഗിസ്ഥാന്,അര്മേനിയ,മംഗോളിയ എന്നിങ്ങനെയുള്ള മറ്റു രാജ്യങ്ങള് ഇക്കാര്യത്തില് പാക്കിസ്ഥാനേക്കാള് ബഹുദൂരം പിന്നിലാണ്.
രാജ്യത്ത് സുസ്ഥിത വികസനവും കടക്കെണി ഒഴിവാക്കലും ലക്ഷ്യമിട്ടാണ് ഇപ്പോള് പാക്കിസ്ഥാന് ഇത്രയും വലിയൊരു തുക കടമെടുക്കാന് ഉദ്ദേശിക്കുന്നത്.
വ്യക്തമായ സാമ്പത്തിക പദ്ധതിയില്ലാതെ രാജ്യത്തിന് ഇനി മുമ്പോട്ടു പോകാനാകില്ല. 2019ലാണ് ജാമ്യവ്യവസ്ഥകളോടെ 6.5 ബില്യണ് പാക്കിസ്ഥാന് നല്കാമെന്ന് ഐഎംഎഫ് സമ്മതിച്ചത്.
അതിന്റെ ഭാഗമായുള്ളതാണ് ഇപ്പോഴനുവദിച്ച ഈ മൂന്നു ബില്യണ് ഡോളര്. ഇതില് ബാക്കിയുള്ള 2.5 ബില്യണ് ഡോളറിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷകളത്രയും.
പ്രളയവും യുക്രൈന് യുദ്ധത്തോടെ സാധനങ്ങള്ക്ക് വില കുതിച്ചു കയറിയതും പാക്കിസ്ഥാനെ വന്പ്രതിസന്ധിയിലാണ് ആഴ്ത്തിയിരിക്കുന്നത്. 2022ലെ പ്രളയത്തില് നിരവധി ജീവന് നഷ്ടമാവുകയും സ്വത്തുവകകള് നശിക്കുകയും ചെയ്തിരുന്നു. കൃഷിയിടങ്ങള് നശിച്ചത് നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചത്. ഇപ്പോള് കടമെടുക്കുന്ന തുകയിലൂടെ ഇതില് നിന്നെന്നാം കരകയറാമെന്നാണ് പാക് സര്ക്കാരിന്റെ പ്രതീക്ഷ.