അല്ഖ്വയ്ദ തലവന് അയ്മാന് അല് സവാഹിരിയെ വധിച്ച അമേരിക്കയുടെ ഓപ്പറേഷന് ലോകരാജ്യങ്ങളെത്തന്നെ അമ്പരപ്പിച്ചിരുന്നു.
സവാഹിരിയുടെ കഥകഴിക്കാന് അമേരിക്കയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് പാക്കിസ്ഥാനാണെന്ന തരത്തിലുള്ള വാര്ത്തകള് ശക്തമാവുകയാണ്.
സവാഹിരിയെ വധിച്ചെന്ന വാര്ത്ത പുറത്തുവന്നപ്പോള് തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന് വ്യക്തമാക്കിയതോടെ തന്നെ ഒറ്റുകാരന് ആരെന്ന കാര്യത്തില് ഏറെക്കുറെ ധാരണയായിരുന്നു.
എങ്ങനെയും അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ നിലനില്പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ കുറെ നാളുകളായി പാക്കിസ്ഥാനോട് പണ്ടുള്ളത്ര പ്രിയം അമേരിക്കയ്ക്കില്ല. ഇത് പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.
ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകര്ന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനില്ക്കണമെങ്കില് പതിവുപോലെ ഐഎംഎഫിന്റെ വായ്പ കൂടിയേ തീരൂ.
ഐഎംഎഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കില് അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം.
അതുകൊണ്ടാണ് ദിവസങ്ങള്ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്ച്ചയ്ക്ക് പാക് സൈനികതലവന് ഖമര് ജാവേദ് ബജ്വ യുഎസിന്റെ സഹായം തേടിയതും.
അതിനുമുമ്പ് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ തലവന് ജനറല് നദീം അഞ്ജുമും അമേരിക്ക സന്ദര്ശിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് സവാഹിരിയുടെ വധത്തിന് പിന്നില് പാകിസ്ഥാനാണെ വാദത്തിന് ശക്തിപകരുന്നത്. എന്നാല് ഇക്കാര്യം പാകിസ്ഥാന് നിഷേധിച്ചിട്ടുണ്ട്.
അഫ്ഗാന് ഭരണം താലിബാന് പിടിച്ചശേഷമാണ് പാകിസ്ഥാനില് കഴിഞ്ഞിരുന്ന സവാഹിരി അഫ്ഗാനിലെത്തിയത്.
ചെല്ലും ചെലവും കൊടുത്ത് സ്വന്തം രാജ്യത്ത് സവാഹിരിയെ സംരക്ഷിച്ചിരുന്നപ്പോള് ഒരുതരത്തിലുള്ള വിവരവും അമേരിക്കയ്ക്ക് ചോര്ന്നു കിട്ടാതിരിക്കാന് പാകിസ്ഥാന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആ പാകിസ്ഥാനാണ് ഇപ്പോള് പിടിച്ചുനില്ക്കാന് അമേരിക്കയ്ക്കുമുന്നില് സവാഹിരിയുടെ വിവരങ്ങള് താലത്തിലെന്നപോലെ വച്ചത്.
പാകിസ്ഥാനില് ഒളിവില് കഴിയുമ്പോഴാണ് അല്ഖ്വയ്ദയുടെ തലവനും കൊടും ഭീകരനുമായ ഒസാമ ബിന് ലാദനെ അവര് പോലും അറിയാതെ രാജ്യത്ത് കടന്നുകയറി അമേരിക്ക വധിച്ചത്.
അമേരിക്ക വിവരം പുറത്തുവിട്ടശേഷമായിരുന്നു പാകിസ്ഥാന് പോലും സംഭവം അറിയുന്നത്. ഇതില് പാകിസ്ഥാന് കടുത്ത പ്രതിഷേധം അമേരിക്കയെ അറിയിക്കുകയും ചെയ്തിരുന്നു.
സവാഹിരിയുടെ വിവരങ്ങള് ചോര്ത്തിയെന്ന് സംശയിക്കുന്നവരില് താലിബാന്റെ വിദേശകാര്യമന്ത്രി മുല്ല യാക്കൂബിന്റെ പേരുമുണ്ട്.
സവാഹിരിക്ക് കാബൂളില് അഭയമൊരുക്കിയ ഹഖാനിശൃംഖലയുമായി അഭിപ്രായഭിന്നതയിലാണ് മുല്ല യാക്കൂബ്. ഇക്കാരണത്താല് മുല്ല യാക്കൂബ് വിവരങ്ങള് ചോര്ത്തി നല്കിയെന്നാണ് കരുതുന്നത്.
അതേസമയം,സവാഹിരിയുടെ വധത്തെക്കുറിച്ച് താലിബാന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ താലിബാന് കൊല്ലപ്പെട്ടത് സവാഹിരി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല.
‘സര്ക്കാരിനും നേതൃത്വത്തിനും അവകാശവാദം ഉന്നയിക്കുന്ന സംഭവത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇസ്ലാമിക് എമിറേറ്റ് ഒഫ് അഫ്ഗാനിസ്ഥാന് (ഐഇഎ) ദോഹ കരാറില് പ്രതിജ്ഞാബദ്ധമാണ്.
അവകാശവാദത്തിന്റെ ആധികാരികത കണ്ടെത്താന് അന്വേഷണം നടക്കുകയാണ്. കണ്ടെത്തലുകള് എല്ലാവരുമായും പങ്കിടും’- എന്നാണ് താലിബാന് പറഞ്ഞത്.
താലിബാന്റെ ആഭ്യന്തര മന്ത്രിയും ഹഖാനി നെറ്റ്വര്ക്ക് തലവനുമായ സിറാജുദ്ദീന് ഹഖാനിയുടെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ള വീട്ടില് കഴിയുമ്പോഴാണ് ജൂലായ് 31 പ്രാദേശിക സമയം രാവിലെ 6.18ന് സവാഹിരിയുടെ ശരീരത്തില് യു.എസിന്റെ ഹെല്ഫയര് ആര്-9-എക്സ് മിസൈല് തുളച്ചു കയിയത്.
ഛിന്നഭിന്നമായ സവാഹിരിയുടെ മൃതദേഹം അയാളുടെ അനുയായികള് നീക്കം ചെയ്തെന്നാണ് വിവരം.
ആക്രമണത്തില് വീട് തകരുകയോ മറ്റാര്ക്കെക്കിലും പരിക്കേല്ക്കുകയോ ചെയ്തില്ല. അത്രയ്ക്ക് സൂക്ഷ്മമായിരുന്നു അമേരിക്കയുടെ നിന്ജ മിസൈല് പ്രയോഗം.
അതേസമയം സവാഹിരി വധത്തിന് പ്രത്യാക്രമണമുണ്ടാവാന് സാധ്യതയുണ്ടെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തില് തങ്ങളുടെ പൗരന്മാര്ക്ക് ജാഗ്രതാ നിര്ദ്ദേശം നല്കിയിരിക്കുകയാണ് അമേരിക്ക.
വിദേശത്തുള്ള യു.എസ് പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായേക്കാമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്.
ബോംബ് സ്ഫോടനങ്ങള് മുതല് തട്ടിക്കൊണ്ടുപോകല് വരെയുള്ള ഏത് മാര്ഗവും ഭീകരര് സ്വീകരിച്ചേക്കാമെന്നും സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് പുറത്തിറക്കിയ ജാഗ്രതാ നിര്ദ്ദേശത്തില് സൂചിപ്പിക്കുന്നു.
വിദേശ യാത്രകള് നടത്തുന്ന യു.എസ് പൗരന്മാര് യു.എസ് എംബസിയുമായോ കോണ്സുലേറ്റുമായോ ബന്ധം നിലനിറുത്തണമെന്നും യു.എസ് അറിയിച്ചു.