കറാച്ചി: പാക്കിസ്ഥാനിൽ സുരക്ഷാ ഗാർഡിന്റെ വെടിയേറ്റ് രണ്ട് ചൈനീസ് പൗരന്മാർക്കു പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലെ ഇൻഡസ്ട്രിയൽ ട്രേഡിംഗ് എസ്റ്റേറ്റ് ഏരിയയിലെ പോലീസ് സ്റ്റേഷനിലാണു സംഭവം. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അസ്ഹർ മഹേസർ പറഞ്ഞു.
വിദേശികൾക്കു സുരക്ഷ നൽകുന്ന കന്പനികൾ ഓഡിറ്റ് ചെയ്യണമെന്നും റിപ്പോർട്ട് അവലോകനത്തിന് അയയ്ക്കണമെന്നും ആഭ്യന്തരമന്ത്രി സിയാവുൽ ഹസൻ ലഞ്ചാർ അധികൃതർക്ക് നിർദേശം നൽകി. ഈ വർഷം കറാച്ചിയിൽ വിദേശ പൗരന്മാർക്കു നേരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
60 ബില്യണ് യുഎസ് ഡോളറിന്റെ ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയുടെ (സിപിഇസി) കീഴിലുള്ള നിരവധി പദ്ധതികളിൽ ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥർ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്.
ചൈനീസ് പൗരന്മാടെ സുരക്ഷ സംബന്ധിച്ച പ്രശ്നം പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ചർച്ചാവിഷയമാണ്.