ലാഹോർ: പാക്കിസ്ഥാനിലെ ജരൻവാലയിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഭവനങ്ങൾ നഷ്ടമായ ക്രൈസ്തവർക്ക് 20 ലക്ഷം പാക് രൂപവച്ച് നഷ്ടപരിഹാരം.
ഇന്നലെ ജരൻവാല സന്ദർശിച്ച പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൾഹഖ് കാഖാർ ഇതിനുള്ള ചെക്ക് ക്രൈസ്തവർക്കു കൈമാറിയതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
ക്രിസ്ത്യൻ സമുദായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം എത്തിയത്. ന്യൂനപക്ഷ സംരക്ഷണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
94 കുടുംബങ്ങൾക്കാണ് തുക കൈമാറുന്നതെന്ന് പഞ്ചാബ് പ്രവിശ്യയിലെ കാവൽ മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി അറിയിച്ചു.
ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ക്രൈസ്തവ നേതാക്കൾ, 200ഓളം ഭവനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നാണ് അറിയിച്ചത്. പോലീസിന്റെ റിപ്പോർട്ട് പ്രകാരം 86 ഭവനങ്ങളേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂ.
കഴിഞ്ഞ ബുധനാഴ്ചയാണ് ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയിലുള്ള 21 പള്ളികളും ക്രൈസ്തവ ഭവനങ്ങളും ആക്രമിച്ചു നശിപ്പിച്ചത്. പള്ളികൾ ഈ ആഴ്ചതന്നെ പുനരുദ്ധരിക്കുമെന്നാണ് പ്രവിശ്യാ സർക്കാരിന്റെ വാഗ്ദാനം.
ആക്രമണവുമായി ബന്ധപ്പെട്ട് 145 പേർ അറസ്റ്റിലായിട്ടുണ്ട്. മോസ്കുകളിൽ ആക്രമണത്തിന് ആഹ്വാനം ചെയ്ത പുരോഹിതനും ഇതിലുൾപ്പെടുന്നു.
തീവ്രനിലപാട് പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് ഗ്രൂപ്പിന്റെ സാന്നിധ്യമാണ് ആക്രമണത്തിനു പ്രേരണയായതെന്നു വിലയിരുത്തപ്പെടുന്നു.
ഖുറാനെ അപമാനിച്ചുവെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു ക്രൈസ്തവർ അറസ്റ്റിലായിട്ടുണ്ട്.അഗ്നിക്കിരയാക്കപ്പെട്ട പള്ളികളിലൊന്നിൽ ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയിൽ പഞ്ചാബ് പ്രവിശ്യയിലെ കാവൽ മന്ത്രിസഭ പങ്കെടുക്കുകയുണ്ടായി.