കറാച്ചി: ഇന്ത്യ-പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നടക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഇന്ത്യക്കു പകരക്കാരെത്തേടി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). വരുന്ന ഡിസംബറില്‍ പാക്കിസ്ഥാനില്‍വച്ചു നടക്കേണ്ട പരമ്പരയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണു പാക്കിസ്ഥാന് പുതിയ ടീമിനെ തേടുന്നത്.
ശ്രീലങ്കന്‍ ടീമിനെയൊ ബഗ്ലാദേശിനെയൊ ഇന്ത്യക്കു പകരം കളത്തിലിറക്കാനാണു പാക്കിസ്ഥാന് നീക്കം. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അധികൃതരുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി പിസിബി എക്സിക്യൂട്ടീവ് ബോര്‍ഡ് തലവന്‍ നജാം സേതി പറഞ്ഞു.
പരമ്പരയില്‍ പങ്കെടുക്കാന്‍ ശ്രീലങ്ക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സേതി പറഞ്ഞു. കൂടാതെ പരമ്പരയ്ക്കു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരെ പിസിബി പാക്കിസ്ഥാനിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ സംര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടർന്ന് 2007 മുതല്‍ ഇന്ത്യ, പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുത്തിട്ടില്ല. പരമ്പരയില്‍ പങ്കെടുക്കാനുള്ള ധാരണാ പത്രത്തില്‍ ഒപ്പുവച്ച ശേഷം കളിയില്‍ നിന്നും ഇന്ത്യ ഏക പക്ഷീയമായി പിന്മാറുന്നതിനാല് തങ്ങള്‍ക്ക് 20 കോടി ഡോളറിന്റെ നഷ്ടമുണ്ടെന്നാണു പിസിബിയുടെ വാദം. ഇന്ത്യയുടെ നടപടിക്കെതിരെ പാക്കിസ്ഥാന് നിയമനടപടിക്കൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.