ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റിക്ടര് സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻസമയം ഇന്നു പുലര്ച്ചെ 2.58നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. ബലൂചിസ്ഥാനിലെ ഉതാലിൽനിന്ന് 65 കിലോമീറ്റർ തെക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം.
കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,700-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ച് 28-ന് ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം ബാങ്കോക്ക് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു.